ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിയായ എസ്ഐആറിനും പിന്തുണ പ്രഖ്യാപിച്ച് 124 മുന്‍ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപരമായ ചുമതലകള്‍ രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്കതീതമായി നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും തെളിവുകളില്ലാത്ത ആരോപണങ്ങളിലൂടെ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കരുതെന്നും ആവശ്യപ്പെട്ട് ഇവര്‍ പൊതുജനങ്ങള്‍ക്കായി തുറന്ന കത്ത് പങ്കുവച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മുന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍. തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ മുന്നോട്ടുവയ്‌ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മുന്‍ അംബാസഡര്‍ ഭാസ്വതി മുഖര്‍ജി, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം. മദന്‍ ഗോപാല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കത്തില്‍, തെളിവുകളില്ലാതെ തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് നടന്നെന്ന് ആരോപിക്കുന്നത് ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസം ദുര്‍ബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ സംവിധാനം ശരിയാണെന്നും പരാജയപ്പെടുമ്പോള്‍ അട്ടിമറി നടന്നെന്നും വ്യാഖ്യാനിക്കുന്ന സമീപനം ശരിയല്ലെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ തിരിച്ചടി നേരിട്ടതും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാകാതിരുന്നതും കത്തില്‍ പരാമര്‍ശിക്കുന്നു. ഈ തെരഞ്ഞെടുപ്പുകളും ഇതേ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ടുകളും മരിച്ചവരുടെ പേരുകളും നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാപരമായ ശുദ്ധീകരണ പ്രക്രിയയാണ് എസ്ഐആറെന്നാണ് കത്തിലെ വിശദീകരണം. 2003ല്‍ ബിഹാറില്‍ നടത്തിയ എസ്ഐആറിനിടെ 22 ലക്ഷം മരിച്ച വോട്ടര്‍മാരുടെയും ഏഴു ലക്ഷം ഇരട്ടവോട്ടുകളുടെയും പേരുകള്‍ നീക്കം ചെയ്തതായും അതേസമയം 21.5 ലക്ഷത്തോളം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനവും വോട്ടര്‍ പട്ടികയുടെ വിശ്വാസ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും കത്ത് ഉയര്‍ത്തിക്കാട്ടുന്നു.















