ന്യൂഡൽഹി: രാജ്യവിരുദ്ധ കലാപത്തെ അനുകൂലിച്ച് ഇന്നലെ മുംബൈയിൽ പ്രകടനം നടത്തിയ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരൻ. നടൻ അമീർഖാന്റെ അനന്തരവൻ ആണ് ഇയാൾ. വിദേശികൾക്ക് ഇന്ത്യയിൽ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനോ അതിന്റെ ഭാഗമാകുന്നതിനോ വിലക്കുണ്ട്. ആരുടെ നിർദ്ദേശപ്രകാരമാണ് ഇമ്രാൻ ഖാൻ രംഗത്തിറങ്ങിയത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾക്ക് ഫണ്ടിങ് ലഭിച്ചിട്ടുണ്ടോ എന്നും സംശയം ഉയർന്നിട്ടുണ്ട്.
ഇമ്രാൻ ഖാന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവും മുൻ എംപിയുമായ കിരീത് സോമയ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിദേശ പൗരനായ ഇയാൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ നിയമപരമായ അനുമതി നേടിയിരുന്നോ എന്ന് പരിശോധിക്കണമെന്നാണ് മുംബൈ പൊലീസിനോട് സോമയ്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബർ 10-ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്തിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് ഇമ്രാൻ ഖാൻ ഉൾപ്പെടെ നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി പ്രഖ്യാപിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു മുംബൈയിലും പ്രകടനം നടത്താൻ ശ്രമിച്ചത്. മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധിയും പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവരിൽ ഉൾപ്പെട്ടിരുന്നു.