തിരുവനന്തപുരം: എൽഡിഎഫ്- യുഡിഎഫ് ഡീലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി. ഒക്ടോബർ 12ന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കുക, പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10 മണിക്കാണ് പ്രതിഷേധ പരിപാടി. ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കും. യുവമോർച്ചയുടെ നേതൃത്വത്തിൽ ഒക്ടോബർ 16നും മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ഒക്ടോബർ 26നും നിയമസഭാ മാർച്ചുകൾ സംഘടിപ്പിക്കും.
എസ്ഐആറുമായി ബന്ധപ്പെട്ട് കോൺഗ്രസും പ്രതിപക്ഷവും നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയായി ജനങ്ങളിലേക്ക് നേരിട്ടെത്താനാണ് ബിജെപിയുടെ തീരുമാനം. വരും ദിവസങ്ങളിൽ 30 കേന്ദ്രങ്ങളിൽ ജനസഭകൾ സംഘടിപ്പിക്കും. എസ്ഐആറിന്റെ യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ഒക്ടോബർ 17 മുതൽ 30 വരെ സംസ്ഥാനത്തെ 1,000 കേന്ദ്രങ്ങളിൽ തെരുവുസഭകൾ സംഘടിപ്പിക്കും. ജനങ്ങളുമായി നേരിട്ട് സംവദിച്ച് എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കുകയാണ് ലക്ഷ്യം.