നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

Published by
ജനം വെബ്‌ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂര്‍ഖ ജില്ലയില്‍ ചുംനുബ്രി ഗ്രാമത്തിലുണ്ടായ പ്രളയത്തില്‍ 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്കും കേടുപാടുകള്‍ സംഭവിച്ചു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. രാവിലെ 6.30ന് 3.66 മീറ്ററായിരുന്ന നദിയിലെ ജലനിരപ്പ് 8.40ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററിലെത്തിയതായി നേപ്പാളിലെ നാഷണല്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജലനിരപ്പിലുണ്ടായ വന്‍ വര്‍ധനയാണ് പ്രളയത്തിന് കാരണമായത്.

പാലങ്ങള്‍ ഉള്‍പ്പെടെ ഒലിച്ചുപോയതിനാല്‍ നാശനഷ്ടങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നദിയിലെ ഒഴുക്ക് തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളം കരകവിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. മഴ മൂലമല്ല പ്രളയമുണ്ടായതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച വൈകുന്നേരം വരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പ്രശ്നബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണവും പരിശോധനയും നടത്തിയ സൈന്യം, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന ജഗത് മേഖലയില്‍ നിന്ന് ആറുപേരെ വിമാനമാര്‍ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഓഗസ്റ്റില്‍ നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്ക് സമീപമുണ്ടായ പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ പൂര്‍ണമായി മുക്തമായിട്ടില്ല. അന്നത്തെ ദുരന്തത്തില്‍ 1,453ലധികം പേര്‍ മരിക്കുകയും 5,000ത്തിലധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പുതിയ പ്രളയം പ്രദേശത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Share