ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി ഇന്ത്യ. വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സംഘടന പക്ഷപാതം കാണിക്കുന്നുവെന്നും ഇരട്ടത്താപ്പാണ് പിന്തുടരുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിമര്‍ശിച്ചു. മനുഷ്യാവകാശ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അംഗീകരിക്കാനാകാത്ത ഇടപെടലാണെന്നും ജയ്സ്വാള്‍ പറഞ്ഞു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ പ്രതിഷേധങ്ങളോട് അധികാരികള്‍ സ്വീകരിച്ച അക്രമാസക്തമായ നടപടികളിലും സംഘടനയുടെ ആസ്ഥാനത്തിന് സമീപമുള്ള പ്രദേശങ്ങളിലെ നിയമപാലകരുടെ നടപടികളിലും സമാനമായ ശ്രദ്ധ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം സമീപനം സംഘടനയുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുമെന്നും ബഹുരാഷ്‌ട്ര സഹകരണ സംവിധാനങ്ങളിലുള്ള വിശ്വാസത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും ശക്തമായ ജനാധിപത്യ സ്ഥാപനങ്ങള്‍, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, സ്വതന്ത്ര മാധ്യമങ്ങള്‍ എന്നിവ ഈ അവകാശത്തിന് സംരക്ഷണമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുക്രമവും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് പൗരന്മാര്‍ ഈ അവകാശം വിനിയോഗിക്കുന്നതെന്നും ജയ്സ്വാള്‍ പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
നിയമപാലകര്‍ നിയമാനുസൃതമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പരാതികള്‍ പരിഹരിക്കുന്നതിന് രാജ്യത്തെ കോടതികളെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ പങ്കെടുത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത നടപടിയെക്കുറിച്ചുള്ള ആശങ്കയും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന ഇന്ത്യയുടെ വിമര്‍ശനവും ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്.