ന്യൂഡൽഹി: തമിഴ്‌നാടിന്റെ ഭാഷ, ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. തമിഴ്‌നാടിന്റെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധി കോൺഗ്രസിന് വേണ്ടി പ്രസംഗിക്കേണ്ടതില്ലെന്നും സംസ്ഥാനത്തിന്റെ സ്വത്വം സംരക്ഷിക്കാൻ ഡിഎംകെയ്‌ക്ക് അറിയാമെന്നും പാർട്ടി വക്താവ് ശരവണൻ അണ്ണാദുരൈ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ചെന്നൈ സന്ദർശനവും പ്രസംഗവും സംബന്ധിച്ച പ്രതികരണത്തിലൂടെ ഡിഎംകെ–കോൺഗ്രസ് ബന്ധത്തിലെ അഭിപ്രായവ്യത്യാസങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
രാഹുൽ ഗാന്ധിയുടെ ‘ഛത്ര കി ഗൂഞ്ച്’ പരിപാടിയെ ചോദ്യം ചെയ്ത അണ്ണാദുരൈ, പരിപാടിയുടെ പേര് തമിഴിലോ ലളിതമായ ഇംഗ്ലീഷിലോ പറയാൻ പോലും അദ്ദേഹം ശ്രമിച്ചില്ലെന്ന് വിമർശിച്ചു. തമിഴ്‌നാടിന്റെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തെ ബഹുമാനിക്കാൻ കഴിയാത്തവർ സംസ്ഥാനത്തിന്റെ സംസ്കാരത്തെക്കുറിച്ച് മറ്റുള്ളവരെ ഉപദേശിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
“രാഹുൽ ഗാന്ധി, ഞങ്ങൾക്ക് നിങ്ങളുടെ പാഠങ്ങൾ ആവശ്യമില്ല. ഡിഎംകെ ശക്തമാണ്. തമിഴ്‌നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും സംസ്കാരവും സ്വത്വവും നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല” എന്നായിരുന്നു അണ്ണാദുരൈയുടെ പ്രതികരണം.
തമിഴ് ഭാഷയ്‌ക്കും സംസ്കാരത്തിനും നേരെ കേന്ദ്രത്തിന്റെ ആക്രമണമെന്ന് രാഹുൽ
വിദ്യാർഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്യാനെന്ന പേരിൽ ചെന്നൈയിലെ ഐലൻഡ് മൈതാനിയിൽ ‘ഛത്ര കി ഗൂഞ്ച്’ എന്ന തലക്കെട്ടിലാണ് രാഹുൽ ഗാന്ധി പരിപാടി സംഘടിപ്പിച്ചത് .
തമിഴ്‌നാടിന്റെ ഭാഷാപരവും സാംസ്കാരികവുമായ സ്വത്വത്തെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. തമിഴ് ഭാഷയെയും ചരിത്രത്തെയും സംസ്കാരത്തെയും ആക്രമിക്കാൻ കേന്ദ്രത്തെ അനുവദിക്കില്ലെന്നാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളോട് പ്രതികരിച്ച ഡിഎംകെ, തമിഴ്‌നാടിന്റെ സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്ന കാര്യത്തിൽ മറ്റാരുടെയും ഉപദേശം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
എസ്‌ഐആർ വിഷയത്തിലും കോൺഗ്രസ്–ഡിഎംകെ ഭിന്നത
തമിഴ്‌നാട്ടിലെ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സംബന്ധിച്ചും ഡിഎംകെയും കോൺഗ്രസും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യപ്പെടുന്നുവെന്നാണ് ഡിഎംകെയുടെ ആരോപണം.
എന്നാൽ തമിഴ്‌നാട്ടിലെ എസ്‌ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നതിനെ ഡിഎംകെ നേരത്തെയും ചോദ്യം ചെയ്തിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആശങ്കകൾ രാഹുൽ ഗാന്ധി ശക്തമായി ഉന്നയിക്കുമ്പോൾ തമിഴ്‌നാട്ടിലെ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു പാർട്ടിയുടെ ചോദ്യം.