തിരുവനന്തപുരം: എസ്ഐആർ തെറ്റാണെങ്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെക്കണമെന്നും മാസപ്പടിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നിയമസഭയിലേക്ക് മാർച്ച് നടത്തി. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
കേരളത്തിന് ആവശ്യം പരസ്പരം പഴിചാരലുകളോ രാഷ്‌ട്രീയ നാടകങ്ങളോ അല്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും സംസ്ഥാനത്തിന്റെ വികസനവുമാണെന്നും ബിജെപി വ്യക്തമാക്കി. ജനങ്ങളുടെ അവകാശങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും കേരളത്തിന്റെ വികസനത്തിനുമായി പോരാട്ടം തുടരുമെന്നും പാർട്ടി നേതാക്കൾ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ, നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ, ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ എംഎൽഎ, തിരുവനന്തപുരം നഗരസഭാ മേയർ അഡ്വ. വി.വി. രാജേഷ് എന്നിവർ മാർച്ചിൽ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ തുടങ്ങിയ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളും നിരവധി പ്രവർത്തകരും അണിനിരന്നു.
കേരള നിയമസഭയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയത്തിനെതിരെയും ബിജെപി പ്രതിഷേധിച്ചു. മാർച്ചിനിടെ എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, ബി.ബി. ഗോപകുമാർ, വി. മുരളീധരൻ എന്നിവർ ചേർന്ന് പ്രമേയത്തിന്റെ പകർപ്പ് കത്തിച്ചു. നീതിപൂർവമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ കോൺഗ്രസ് ഭയപ്പെടുകയാണെന്നും സത്യത്തെ വളച്ചൊടിക്കാനാകില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.