തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കായികപ്രതിഭകളുടെ പോരാട്ടവേദിയായ 68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് കോഴിക്കോട് വേദിയാകും. ഒക്ടോബര്‍ 25 മുതല്‍ 31 വരെ നടക്കുന്ന മേളയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കായികതാരങ്ങള്‍, ടീം മാനേജര്‍മാര്‍, ഒഫീഷ്യല്‍സ്, സംഘാടകര്‍ എന്നിവരടക്കം പതിനയ്യായിരത്തോളം പേര്‍ മേളയുടെ ഭാഗമാകും. മത്സരങ്ങള്‍ക്കായി പത്ത് വേദികളാണ് സജ്ജീകരിക്കുന്നത്. ഒക്ടോബര്‍ 25-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ നാലായിരം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റ് പ്രധാന ആകര്‍ഷണമാകും. മൂവായിരം കുട്ടികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും.
മേളയിലെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) ക്യാമ്പസില്‍ നടക്കും. ഒക്ടോബര്‍ 27 മുതല്‍ 31 വരെ നടക്കുന്ന അത്ലറ്റിക്‌സ് മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങള്‍ പങ്കെടുക്കും. ഒക്ടോബര്‍ 30-ന് ക്രോസ് കണ്‍ട്രി മത്സരങ്ങളും ഇന്‍ക്ലൂസീവ് അത്ലറ്റിക്‌സ്, ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍ മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കും. ബാഡ്മിന്റണ്‍, ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ കടലുണ്ടി മദ്രസ്സത്തുല്‍ ഇസ്ലാം കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് കായണ്ണ പ്രൊവിഡന്‍സ് എച്ച്.എസ്.എസും ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ക്ക് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളും വേദിയാകും.
ടേബിള്‍ ടെന്നീസ്, ഇന്‍ക്ലൂസീവ് ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. നരിക്കുനി പി.ടി.എം. എച്ച്.എസ്.എസ്., മര്‍ക്കസ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നിവിടങ്ങളിലായി കരാട്ടെ, വുഷു, സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, ബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടക്കും. യോഗ മത്സരങ്ങള്‍ മുക്കം ആര്‍.ഇ.സി. ജി.വി.എച്ച്.എസ്.എസിലും നെറ്റ്‌ബോള്‍, ഹോക്കി മത്സരങ്ങള്‍ പെരുവയല്‍ സേക്രഡ് ഹാര്‍ട്ട്‌സ് യു.പി. സ്‌കൂളിലുമാണ് സംഘടിപ്പിക്കുന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തുന്ന ഇന്‍ക്ലൂസീവ് മത്സരങ്ങള്‍ ഒക്ടോബര്‍ 26-ന് നടക്കും. രണ്ടായിരത്തിലധികം കായികതാരങ്ങള്‍ ഈ വിഭാഗത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്ക്.
മേളയുടെ നടത്തിപ്പിനായി കുന്നമംഗലം എം.എല്‍.എ. പി.ടി.എ. റഹീം മാസ്റ്ററുടെ നേതൃത്വത്തില്‍ 17 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സരങ്ങളുടെ നടത്തിപ്പിനായി 620 ഒഫീഷ്യല്‍സിന്റെയും 140 സെലക്ടര്‍മാരുടെയും 100 ടെക്‌നിക്കല്‍ ഒഫീഷ്യല്‍സിന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. കായികതാരങ്ങള്‍ക്കും ടീം മാനേജര്‍മാര്‍ക്കും താമസിക്കാനായി 50 സ്‌കൂളുകളിലായി ഏകദേശം 450 ക്ലാസ് മുറികള്‍ ഒരുക്കുന്നുണ്ട്. ഭക്ഷണവിതരണത്തിനായി രണ്ട് പ്രധാന അടുക്കളകള്‍ പ്രവര്‍ത്തിക്കും. ഓരോ മത്സരവേദിയിലും കായികതാരങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കും. കുട്ടികളുടെ യാത്രയ്‌ക്കായി സ്‌കൂള്‍ ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
2026-ലെ കേരള സ്‌കൂള്‍ കായികമേളയുടെ ഭാഗ്യചിഹ്നം ‘കുട്ടു’വാണ്. കൊല്ലം ജില്ലയിലെ എന്‍.എന്‍.എന്‍.എം. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍.എസ്. ലക്ഷ്മി നന്ദനയാണ് ഭാഗ്യചിഹ്നം രൂപകല്‍പ്പന ചെയ്തത്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തവും മേളയിലുണ്ടാകും. അത്ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളിലായി 48 കായികതാരങ്ങളാണ് ഗള്‍ഫ് മേഖലയില്‍നിന്ന് പങ്കെടുക്കുന്നത്. മേളയ്‌ക്ക് ആവേശം പകരുന്ന സ്വര്‍ണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 25-ന് കോഴിക്കോട്ടെത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കായികപ്രതിഭകളെ വരവേല്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ് കോഴിക്കോട്.















