ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ രാഹുൽ പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. കോൺഗ്രസിലെ കുടുംബവാഴ്ചയും ഹൈക്കമാൻഡ് സംസ്കാരവും തലമുറകൾ മാറിയിട്ടും തുടരുകയാണെന്ന് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കർണാടക മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്ര പാട്ടീലിനെ വിമാനത്താവളത്തിൽവെച്ച് പിടിച്ചു തള്ളിയ സംഭവവും തേജസ്വി സൂര്യ പരാമർശിച്ചു. അന്നത്തെ സംഭവവും ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങളും കോൺഗ്രസ് നേതൃത്വത്തിന്റെ അധികാരപ്രയോഗത്തിന്റെ ഉദാഹരണങ്ങളാണെന്നാണ് അദ്ദേഹം വിമർശിച്ചു.
കർണാടകത്തിലെ ഏഴ് കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന നേതാവാണ് ഡി.കെ. ശിവകുമാർ. അദ്ദേഹത്തോട് ഇത്തരത്തിൽ പെരുമാറുന്നത് കന്നഡിഗരുടെ അഭിമാനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും തേജസ്വി സൂര്യ പറഞ്ഞു.
കർണാടകത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത നേതൃത്വത്തിനുമേൽ രാഹുലിന് ഔദ്യോഗിക അധികാരമോ ഭരണഘടനാപരമായ നിയന്ത്രണമോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ സംസ്ഥാന നേതൃത്വത്തിന് എത്രത്തോളം വിധേയത്വം പുലർത്തേണ്ടിവരുന്നു എന്ന ചോദ്യവും തേജസ്വി സൂര്യ ഉയർത്തി.