ബാക്കു: 96 ശതമാനത്തോളം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു. വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും നിരോധനം ബാധകമാണ്. ഇതിനായി സ്കൂൾ യൂണിഫോം ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും അസർബൈജാൻ ഭരണഘടന പ്രകാരം മതേതര രാജ്യമാണ്.
സെപ്റ്റംബർ 21-നാണ് അസർബൈജാൻ മന്ത്രിസഭ സ്കൂൾ യൂണിഫോം ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. യൂണിഫോമിന്റെ ഏകീകൃത സ്വഭാവം ലംഘിക്കുന്നതോ മതേതര വിദ്യാഭ്യാസ തത്വങ്ങൾക്ക് വിരുദ്ധമായതോ ആയ അധിക വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സ്കൂളുകളിൽ ഏകീകൃത വസ്ത്രധാരണരീതി ഉറപ്പാക്കുകയും മതേതര വിദ്യാഭ്യാസത്തിന്റെ സ്വഭാവം നിലനിർത്തുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ഒക്ടോബർ ആറിന് അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും പ്രത്യേക നിർദേശങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്കൂളുകളിൽ പരിശോധനകൾ ആരംഭിച്ചിരുന്നു. അതിനിടെ സ്കൂൾ അധികൃതർ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെയും അധ്യാപകരെയും തടഞ്ഞതോടെ പലയിടത്തും പ്രതിഷേധമുണ്ടായതായി റിപ്പോർട്ടുണ്ട്.