ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെഎന്‍യു) ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംപി അങ്കോംച ബിമോള്‍ അക്കോയിജമിനെ ലോക്‌സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി വനിതാ എംപിമാര്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടു. പരാതിക്കാരായ വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഘം രാഷ്‌ട്രപതിയോട് അഭ്യര്‍ഥിച്ചതായി ബിജെപി മഹിളാ മോര്‍ച്ച അധ്യക്ഷ രൂപ കുമാരി ചൗധരി അറിയിച്ചു.

ബിജെപി എംപി ഡി. പുരന്ദേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ രൂപ കുമാരി ചൗധരി, ഡല്‍ഹി എംപി ബന്‍സുരി സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. അക്കോയിജമിനെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നിലും ഹിമാചല്‍ പ്രദേശിലെ വിവിധ കേന്ദ്രങ്ങളിലും ബിജെപി മഹിളാ മോര്‍ച്ച പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി അന്നപൂര്‍ണ ദേവിയും ബിജെപി വനിതാ എംപിമാരും പ്രവര്‍ത്തകരും പങ്കെടുത്തു.

മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായ അക്കോയിജം ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസില്‍ പ്രൊഫസറായിരുന്നു. ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട സര്‍വകലാശാലാ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ സര്‍വകലാശാലയില്‍നിന്ന് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

2026 മേയില്‍ കുറഞ്ഞത് 11 വിദ്യാര്‍ഥിനികള്‍ അക്കോയിജമിനെതിരെ ലൈംഗിക പീഡന പരാതികള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചകളുടെയോ ഒത്തുചേരലുകളുടെയോ പേരില്‍ വിദ്യാര്‍ഥികളെ കാമ്പസിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ച് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതികളിലെ പ്രധാന ആരോപണം. ക്ലാസുകള്‍ക്കിടെ അശ്ലീലവും അനുചിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചില വിദ്യാര്‍ഥികള്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share