കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ചെപ്ര മത്തായിമുക്ക് സ്വദേശി സുരേഷ്–ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ സുരേഷ് നൽകിയ പരാതിയിൽ കൊട്ടാരക്കര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
പ്രസവവേദന അനുഭവപ്പെട്ട ശ്രീകലയ്ക്ക് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വേദന സഹിക്കാനാകുന്നില്ലെന്ന് അറിയിച്ചപ്പോൾ, “ഈ വേദന എല്ലാവർക്കുമുണ്ടാകുന്നതാണ്” എന്ന് പറഞ്ഞ് നഴ്സ് പരിഹസിച്ച് തിരിച്ചയച്ചതായും കുടുംബം ആരോപിക്കുന്നു.
തുടർന്ന് ഇന്നലെ ഡോക്ടർ എത്തി ശസ്ത്രക്രിയ നടത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്നാണ് സുരേഷിന്റെ ആരോപണം.
അതേസമയം, ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.