കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ച സംഭവത്തില്‍ ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ്-ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്കും നഴ്സിനും വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തി.

പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകലയ്‌ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ഭര്‍ത്താവ് സുരേഷ് ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിവരം അറിയിച്ചിട്ടും ഡോക്ടറെ അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. വേദന സഹിക്കാനാകുന്നില്ലെന്ന് അറിയിച്ച ശ്രീകലയോട് നഴ്സ് മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ചികിത്സയില്‍ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അതേസമയം, ചികിത്സയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്‌ക്കുശേഷം കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ തന്നെ മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുഞ്ഞിന്റെ മരണത്തിന് കാരണമെന്താണെന്നും ചികിത്സയില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

Share