ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി പുനരാരംഭിക്കാൻ ഒരുങ്ങുന്ന ട്രംപ്, ‘മദർ ഓഫ് ഓൾ ബോംബ്സ്’ (MOAB) പ്രയോഗിക്കുന്നതും പരിഗണിക്കുന്നതായി റിപ്പോർട്ട്.  ലോകത്തിലെ ഏറ്റവും ശക്തമായ ആണവേതര ബോംബുകളിലൊന്നാണ് ‘മദർ ഓഫ് ഓൾ ബോംബ്സ്’ (MOAB). ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങളും ആണവകേന്ദ്രങ്ങളുമാണ് ട്രംപിനറെ ലക്ഷ്യമെന്നാണ് വിവരം.

ഇറാനിൽ ആക്രമണം നടത്താവുന്ന കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കാൻ ട്രംപ് സൈന്യത്തോട് ആവശ്യപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും അമേരിക്ക പരിഗണിക്കുന്നതായാണ് വിവരം.

ലക്ഷ്യപ്പട്ടികയിൽ പിക്‌ആക്‌സ് മൗണ്ടനും
ഇറാനിലെ നതാൻസ് ആണവകേന്ദ്രത്തിന് സമീപമുള്ള പിക്‌ആക്‌സ് മൗണ്ടനിൽ ആക്രമണം നടത്താനും പദ്ധതിയുണ്ട്.  ടെഹ്‌റാനിൽനിന്ന് ഏകദേശം 225 കിലോമീറ്റർ തെക്കായാണ് നതാൻസ് ആണവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. പിക്‌ആക്‌സ് മൗണ്ടനിൽ ഉടൻ ആക്രമണം നടത്തിയേക്കുമെന്ന് സെപ്റ്റംബർ അഞ്ചിന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അവിടെ നടക്കുന്ന നീക്കങ്ങൾ അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നും സാഹചര്യം വഷളായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിക്‌ആക്‌സ് മൗണ്ടനെ ലക്ഷ്യമിട്ട് MOAB പ്രയോഗിച്ചേക്കാമെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഇറാന്റെ ആണവ സംവിധാനങ്ങളെ തകർക്കാൻ ഈ ബോംബിന് കഴിയുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്.

എന്താണ് ‘മദർ ഓഫ് ഓൾ ബോംബ്സ്’?
അമേരിക്കൻ സൈന്യത്തിന്റെ GBU-43/B Massive Ordnance Air Blast (MOAB) എന്ന ബോംബിനെയാണ് ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്ന് വിശേഷിപ്പിക്കുന്നത്. ഏകദേശം 9,800 കിലോഗ്രാം ഭാരമുള്ള ഇത് അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബുകളിലൊന്നാണ്.

ജിപിഎസ് നിയന്ത്രിത സംവിധാനമുള്ള ഈ ബോംബ്, സ്ഫോടനത്തിലൂടെ വലിയ തോതിൽ ആഘാതവും നാശനഷ്ടവും സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്തതാണ്. ലോക്ക്ഹീഡ് സി-130 ഹെർക്കുലീസ് വിഭാഗത്തിലുള്ള പ്രത്യേകമായി സജ്ജീകരിച്ച വിമാനത്തിൽനിന്നാണ് ഇത് പ്രയോഗിക്കുന്നത്.

2003-ലാണ് അമേരിക്കൻ വ്യോമസേന MOAB ആദ്യമായി പരീക്ഷിച്ചത്. എന്നാൽ 2017-ലാണ് അഫ്ഗാനിസ്ഥാനിലെ നൻഗർഹാർ പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ്–ഖൊറാസാൻ (ISIS-K) ഭീകരസംഘടനയുടെ തുരങ്കശൃംഖലയ്‌ക്കെതിരെ ആദ്യമായി യുദ്ധപ്രയോഗം നടത്തിയത്. ആക്രമണത്തിൽ 94 ഭീകരർ കൊല്ലപ്പെട്ടതായി അന്നത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രങ്ങളെ തകർക്കാനാകുമോ?
ഇറാനെതിരെ MOAB പ്രയോഗിച്ചാൽ അത് എത്രത്തോളം ഫലപ്രദമാകുമെന്നതാണ് പ്രധാന ചോദ്യം. വലിയ സ്ഫോടനശേഷിയുണ്ടെങ്കിലും ഭൂമിക്കടിയിൽ ആഴത്തിൽ നിർമിച്ചിട്ടുള്ളതും ശക്തമായി സംരക്ഷിക്കപ്പെട്ടതുമായ കേന്ദ്രങ്ങളെ തകർക്കാൻ ഈ ബോംബിന് പരിമിതികളുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

 

Share