ബെർലിൻ: ജർമനിയിലെ ബോഹും നഗരത്തിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി സ്വദേശിനി നോവ സാബു, കൊല്ലം സ്വദേശിനി അഞ്ജലി എസ്. ജോയ്, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. കെട്ടിടത്തിന് മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിൽ അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41കാരനായ റൊമാനിയൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലുള്ള അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും അതിവേഗം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഫ്ലാറ്റിൽനിന്നാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ അഗ്നിരക്ഷാസേന കണ്ടെത്തിയത്. പുക ശ്വസിച്ച് അവശനിലയിലായ അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചും ദേശീയതയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
മരിച്ചവരിൽ മലയാളി യുവതികളും യുവാവും
മരിച്ചവരിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബുവും കൊല്ലം സ്വദേശിനി അഞ്ജലി എസ്. ജോയിയും കാലടി തോട്ടകം സ്വദേശി സിവിൻ ജോണിയുമുണ്ട്. നോവ ആറുമാസം മുമ്പാണ് ജർമനിയിലെത്തിയത്. കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകളാണ് അഞ്ജലി. ഈ വർഷം ജൂലൈയിലാണ് ജോലിക്കായി ജർമനിയിലെത്തിയത്. ബി.എഡ്. ബിരുദധാരിയായ അഞ്ജലി അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അശ്വനി എസ്. ജോയിയാണ് സഹോദരി.
കാലടി തോട്ടകം സ്വദേശിയായ സിവിൻ ജോണി രണ്ടാഴ്ച മുമ്പാണ് ജർമനിയിലെത്തിയതെന്നാണ് റിപ്പോർട്ട്.
താമസക്കാർ തമ്മിൽ തർക്കം; പിന്നാലെ തീപിടിത്തം
തീപിടിത്തത്തിന് തലേദിവസം കെട്ടിടത്തിലെ താമസക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ അന്ന് ഔദ്യോഗികമായി പരാതി നൽകാൻ താമസക്കാർ തയ്യാറായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
പിന്നാലെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് പിന്നിൽ താമസക്കാർ തമ്മിലുണ്ടായ തർക്കത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കെട്ടിടത്തിലെ താമസക്കാരനായ 41കാരനായ റൊമാനിയൻ പൗരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നിഗമനം
തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിലാണ് അന്വേഷണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ തീപിടിത്തത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം ഇതുവരെ പൂർണമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായ വ്യക്തിയുടെ പങ്കും സംഭവത്തിന് പിന്നിലെ ഉദ്ദേശ്യവും കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
കനത്ത തീയും പുകയും കാരണം മുകളിലത്തെ നിലകളിലേക്ക് പ്രവേശിക്കാൻ അഗ്നിരക്ഷാസേനയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് മുകളിലത്തെ ഫ്ലാറ്റിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജർമനിയിൽ ജോലി ചെയ്തിരുന്ന മൂന്ന് മലയാളികളുടെ ജീവൻ നഷ്ടമായ ദുരന്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്. അറസ്റ്റിലായ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകളും കേസിൽ നിർണായകമാകും.















