ഇടുക്കി: പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യയുടേത് (18) ആണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ നിത്യയുടെ സുഹൃത്തായിരുന്ന രാജാക്കാട് ഖജനാപാറ സ്വദേശി നിഷാന്തിനെ (19) പോലീസ് പിടികൂടി.
വിവാഹം കഴിക്കുന്നതിനെച്ചൊല്ലി നിത്യയും നിഷാന്തും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. നിത്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിവരം. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് അടിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞദിവസമാണ് പാമ്പ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.