ന്യൂഡൽഹി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചു. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചത്.
എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
വിജിലൻസ് എഫ്ഐആർ നടപടികൾ തടയണമെന്നതാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചതോടെ ഇന്നുതന്നെ വാദം കേൾക്കാനുള്ള സാധ്യതയില്ലെന്നാണ് സൂചന.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.
എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകൾ ലഭ്യമാണെങ്കിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.















