തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനത്തിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ നിർദേശം. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പുനലൂർ പോലീസ് രേഖപ്പെടുത്തും.
ബുധനാഴ്ച പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിലാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിമർശനങ്ങൾ നടത്തിയത്. ഡൽഹിയിൽ നടക്കുന്നത് രാഹുൽ ഗാന്ധിയുടെ ‘താണ്ഡവം’ ആണെന്നും അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ഒരാളെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നുമായിരുന്നു ശ്രീലേഖയുടെ വിമർശനം.
സ്വന്തം മന്ത്രിമാരെപ്പോലും തള്ളിമാറ്റി രാഹുൽ ഗാന്ധി താണ്ഡവമാടുകയാണെന്നും ശ്രീലേഖ പ്രസംഗത്തിൽ ആരോപിച്ചിരുന്നു. ഈ വിമർശനങ്ങളാണ് പരാതികൾക്ക് ആധാരമായത്.
ശ്രീലേഖയ്ക്കെതിരെ ഇതിനകം രണ്ട് പരാതികളാണ് കോൺഗ്രെസ്സുകാർ നൽകിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും കൊല്ലം റൂറൽ എസ്പിക്കുമാണ് പരാതികൾ ലഭിച്ചത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്.
പരാതികളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പുനലൂർ പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. മൊഴിയെടുപ്പിനും തുടർ പരിശോധനകൾക്കും ശേഷമുള്ള പോലീസ് നടപടികൾ കേസിൽ നിർണായകമാകും.















