പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ഒക്ടോബർ 17) വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുന്നത്. നാളെ രാവിലെ അഞ്ചുമുതൽ ഭക്തർക്ക് ദർശനം നടത്താം.
ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും. മഹാനവമി, വിജയദശമി ദിവസങ്ങളിൽ തുലാമാസ പൂജകൾ നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒക്ടോബർ 22ന് രാത്രി പത്തോടെയാണ് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കുക.
വെർച്വൽ ക്യൂ ബുക്കിങ് നിർത്തി
തുലാമാസ പൂജകൾക്കായി ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. രണ്ടുലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. പൂജാ അവധികൾ കൂടി വന്നതോടെ മണ്ഡലകാലത്തിന് സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മൂന്ന് ദിവസങ്ങളിലായി ഒന്നരലക്ഷം പേർ ബുക്ക് ചെയ്തതോടെ ഓൺലൈൻ ബുക്കിങ് നിർത്തിവച്ചു. സ്പോട്ട് ബുക്കിങ് വഴിയും ഭക്തർക്ക് ദർശനത്തിനെത്താം.