തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. മണ്ഡലപൂജാ കാലത്ത് ആദ്യഘട്ടത്തിൽ 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് ലീസ് വ്യവസ്ഥയിൽ കൂടുതൽ ബസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
വിവിധ ഡിപ്പോകളെയും പ്രധാന തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സർവീസുകൾ ക്രമീകരിക്കുന്നത്. പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് പ്രത്യേക സർവീസുകളുണ്ടാകും.
നിലയ്ക്കലിൽ കൂടുതൽ ബസുകൾ
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും നിലയ്ക്കലിൽ കൂടുതൽ ബസുകൾ വിന്യസിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളുമാണ് ക്രമീകരിക്കുക.
ചെങ്ങന്നൂരിൽ മണ്ഡലപൂജാ കാലത്ത് 60 ബസുകളും മകരവിളക്ക് കാലത്ത് 80 ബസുകളും സർവീസ് നടത്തും. കോട്ടയത്ത് യഥാക്രമം 50, 60 ബസുകളാണ് വിന്യസിക്കുക. തീർഥാടകരുടെ വരവും തിരക്കും കണക്കിലെടുത്ത് വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള സർവീസുകൾ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം.
അധിക ജീവനക്കാരെയും നിയോഗിക്കും
ബസ് സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിനായി അധിക ജീവനക്കാരെയും കെഎസ്ആർടിസി നിയോഗിക്കുന്നുണ്ട്. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയുമാണ് ചുമതലപ്പെടുത്തുക.
ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെയാണ് വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കുക. സർവീസുകളുടെ നടത്തിപ്പ്, ബസുകളുടെ അറ്റകുറ്റപ്പണി, യാത്രക്കാരുടെ സുരക്ഷ, തിരക്ക് നിയന്ത്രിക്കൽ എന്നിവയ്ക്കാണ് പ്രത്യേക ക്രമീകരണം.
ചാർട്ടേഡ് ട്രിപ്പുകളും ഓൺലൈൻ റിസർവേഷനും
ശബരിമല തീർഥാടനത്തിനായി ചാർട്ടേഡ് ട്രിപ്പുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ റിസർവേഷൻ സൗകര്യം ഒരുക്കാനും കെഎസ്ആർടിസി നടപടി സ്വീകരിച്ചുവരികയാണ്.
മണ്ഡലപൂജ–മകരവിളക്ക് കാലത്ത് തീർഥാടകരുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബസുകളും ജീവനക്കാരെയും മുൻകൂട്ടി ക്രമീകരിക്കുന്നത്. ആവശ്യാനുസരണം ലീസ് ബസുകൾ കൂടി ഉൾപ്പെടുത്തി സർവീസുകൾ വിപുലീകരിക്കാനാണ് തീരുമാനം.















