റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

2028ൽ ഉൽപ്പാദനം ആരംഭിക്കുമെന്ന് കമ്പനി; വായുവിൽ ഉയർന്ന് മറിയുന്ന റോഡ്സ്റ്ററിന്റെ പ്രകടനം യാഥാർഥ്യത്തിൽ സാധ്യമാകുമോയെന്ന് ചോദ്യം

Published by
ജനം വെബ്‌ഡെസ്ക്

ഇലോൺ മസ്കിന്റെ ടെസ്‌ല അവതരിപ്പിച്ച പുതിയ റോഡ്സ്റ്റർ സ്പോർട്സ് കാറിന്റെ ‘ഫ്ലയിങ് കാർ’ അവകാശവാദം ചർച്ചയാകുന്നു. വായുവിലേക്ക് ഉയരുകയും ആകാശത്ത് മലക്കംമറിയുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്യുന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയെങ്കിലും, യഥാർഥ സാഹചര്യങ്ങളിൽ ഇത്തരം പ്രകടനം സാധ്യമാകുമോയെന്ന സംശയവുമായി വാഹനവിദഗ്ധർ രംഗത്തെത്തി.

ടെസ്‌ലയുടെ രണ്ടാം തലമുറ റോഡ്സ്റ്ററിന്റെ പുതിയ സവിശേഷതകളാണ് വ്യാഴാഴ്ച നടന്ന പരിപാടിയിൽ അവതരിപ്പിച്ചത്. ത്രസ്റ്റ് സൃഷ്ടിക്കുന്നതിനുള്ള കോൾഡ് ഗ്യാസ് സംവിധാനവും വിവിധ രീതികളിൽ പ്രവർത്തിക്കുന്ന സക്ഷൻ സംവിധാനവുമാണ് കാറിന്റെ പ്രധാന പ്രത്യേകതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഈ സംവിധാനങ്ങൾ ഉപയോഗിച്ച് കാർ ഹ്രസ്വനേരത്തേക്ക് വായുവിൽ ഉയരുകയും പറക്കുന്നതിനിടെ കറങ്ങുകയും ചെയ്യുമെന്നാണ് അവകാശവാദം.

സെക്കൻഡുകൾക്കുള്ളിൽ 97 കിലോമീറ്റർ വേഗതയെന്ന് അവകാശവാദം
റോക്കറ്റിന് സമാനമായ ത്രസ്റ്റ് സംവിധാനം കാറിലുണ്ടെന്നാണ് ഇലോൺ മസ്കിന്റെ അവകാശപ്പെട്ടത്. ഉയർന്ന മർദത്തിൽ വാതകം പുറത്തേക്ക് വിടുന്നതിലൂടെ തള്ളൽശക്തി സൃഷ്ടിക്കുന്ന സംവിധാനമാണിത്. മണിക്കൂറിൽ 97 കിലോമീറ്റർ വേഗത ഒരു സെക്കൻഡിൽ താഴെ കൈവരിക്കാൻ കാറിന് കഴിയുമെന്നും ടെസ്‌ല അവകാശപ്പെടുന്നു.

2028ൽ റോഡ്സ്റ്ററിന്റെ ഉൽപ്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ കാറിന്റെ പ്രകടനത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കും വീഡിയോയിൽ കാണിക്കുന്ന അഭ്യാസങ്ങൾക്കും കൂടുതൽ വ്യക്തത ആവശ്യമാണെന്നാണ് വിദഗ്ധരുടെ നിലപാട്.

‘വിനോദത്തിനും പരസ്യത്തിനും കൊള്ളാം’
വാഹനവിദഗ്ധൻ ടുട്ടു ധവാൻ ടെസ്‌ലയുടെ വീഡിയോയെ വിമർശിച്ചു. വിനോദത്തിനും പരസ്യത്തിനും വീഡിയോ ഉപയോഗപ്രദമാണെങ്കിലും യഥാർഥ സാഹചര്യങ്ങളിൽ ഇത്തരം പ്രകടനം നടത്തുക പ്രായോഗികമല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ട്രക്കിന് മുകളിലൂടെ കാർ പറന്നുയർന്ന് മലക്കംമറിഞ്ഞ ശേഷം നേരെ നിലത്തിറങ്ങുന്നതായി വീഡിയോയിൽ കാണിക്കുന്ന പ്രകടനം യാഥാർഥ്യത്തിൽ സാധ്യമാകുമെന്നതിന് തെളിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർ ഒരു അഭ്യാസിയെപ്പോലെ വായുവിൽ കറങ്ങി വീണ്ടും സുരക്ഷിതമായി നിലത്തിറങ്ങുമെന്നത് പരസ്യാവശ്യത്തിനായി ഒരുക്കിയ ദൃശ്യമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

 

Share