തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ട് കണ്ടെത്തി. സംഭവത്തിൽ ആൺസുഹൃത്തും വടകര തോടന്നൂർ സ്വദേശിയുമായ അബ്ദുൽ സമദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുമോളെ കണ്ടെത്താനായി ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിക്കിടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട്ടുനിന്ന് അനുമോളെ കണ്ടെത്തിയത്. വാട്സാപ്പ് ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒക്ടോബർ അഞ്ചിനാണ് തൊട്ടിൽപ്പാലം മൊയിലോത്തറ ജിഎൽപി സ്കൂളിലെ അധ്യാപികയായ അനുമോളെ കാണാതായത്.

അന്നുമുതൽ അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും വൈഫൈ ഉപയോഗിച്ച് വാട്സാപ്പ് പ്രവർത്തിപ്പിച്ചിരുന്നതായാണ് വിവരം. ഇതിന്റെ ലൊക്കേഷൻ വിവരങ്ങൾ പിന്തുടർന്നാണ് പൊലീസ് പാലക്കാട്ടെത്തിയത്.

അബ്ദുൽ സമദും അനുമോളും ഒരുമിച്ചാണുള്ളതെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സമദിന്റെ പേരിൽ ഏഴ് സിം കണക്ഷനുകളുണ്ടെന്നാണ് കണ്ടെത്തൽ. ഈ നമ്പറുകളിലെ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിനായി തൊട്ടിൽപ്പാലം പൊലീസ് സൈബർ സെല്ലിനെ സമീപിച്ചിരുന്നു.

അനുമോളും സമദും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അധ്യാപികയുടെ സ്കൂളിലെ സഹപ്രവർത്തകർക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സമദ് പലതവണ അനുമോളെ കാണാനായി സ്കൂളിലെത്തിയിരുന്നുവെന്നാണ് സഹപ്രവർത്തകർ നൽകിയ മൊഴി. അനുമോളെ കൗൺസിലിംഗിന് വിധേയയാക്കിയശേഷം കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

 

Share