പത്തനംതിട്ട: തുലാമാസ പൂജകള്ക്കായി ശബരിമല നട തുറന്നതോടെ ദര്ശനത്തിനായി ഭക്തജനത്തിരക്കേറി. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള് വിലയിരുത്താന് പമ്പയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും സന്നിധാനത്തെത്തി ദര്ശനം നടത്തി. ശബരിമലയെ രാജ്യത്തെ മികച്ച തീര്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ തീര്ഥാടന കാലയളവിനുശേഷം തിരുപ്പതി മാതൃകയില് ഭക്തര്ക്കുള്ള സൗകര്യങ്ങള് വികസിപ്പിക്കുന്നതിനുള്ള നടപടികള് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീര്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള് വിലയിരുത്താന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില് ചേര്ന്ന വിവിധ വകുപ്പുകളുടെ അവലോകന-ഏകോപന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വഴിപാടുകളും പ്രസാദവിതരണവും ദേവസ്വം ബോര്ഡിന്റെ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പം, അരവണ എന്നിവയ്ക്ക് ഇത്തവണ ക്ഷാമമുണ്ടാകില്ലെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് ഉറപ്പുനല്കിയതായും അദ്ദേഹം വ്യക്തമാക്കി. ഭക്തര്ക്ക് സുഗമമായ ദര്ശനം ഉറപ്പാക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി പൊലീസ്, ഫയര്ഫോഴ്സ് സേനകളെ മേധാവിമാരുടെ നേതൃത്വത്തില് വിന്യസിക്കും.
പമ്പയില് വസ്ത്രങ്ങള് ഉപേക്ഷിക്കുന്നതുമൂലമുള്ള മാലിന്യപ്രശ്നം ഒഴിവാക്കാന് നിയന്ത്രണ സംവിധാനവും ഏര്പ്പെടുത്തും. ഇടത്താവളങ്ങളിലെ സൗകര്യങ്ങള് വര്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പമ്പയിലെ തിരക്ക് കുറയ്ക്കുന്നതിനായി നിലയ്ക്കലില് 6000 പേര്ക്ക് ഉള്ക്കൊള്ളാവുന്ന ജര്മന് മാതൃകയിലുള്ള ഷെഡ് നിര്മിക്കും. തീര്ഥാടകര്ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന് 22 മെഡിക്കല് എമര്ജന്സി യൂണിറ്റുകളും സജ്ജമാക്കും. മാലിന്യ നിര്മാര്ജനം സമയബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല തീര്ഥാടകര്ക്കായി കെഎസ്ആര്ടിസി 461 ബസുകള് ഒരുക്കും. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയെയും ബന്ധിപ്പിച്ച് ടെമ്പിള് കണക്ടിവിറ്റി ഉറപ്പാക്കാനും പദ്ധതിയുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തീര്ഥാടന കാലത്ത് റോഡ് സുരക്ഷ ശക്തമാക്കാന് മോട്ടോര് വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില് 15 കോടി രൂപ ചെലവില് നവീകരിച്ചുവരികയാണെന്നും നിര്മാണം വേഗത്തില് പൂര്ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീര്ഥാടകര്ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന് ആശുപത്രികളില് ആവശ്യമായ സൗകര്യങ്ങള് ഒരുക്കും. ഈ സീസണില് ഭക്തര്ക്ക് സുഗമമായ ദര്ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.















