ഹൈദരാബാദ്: കോളജ് വാര്ഷികാഘോഷത്തിനിടെ ലൈറ്റുകള് ഘടിപ്പിച്ച ഇരുമ്പ് സ്റ്റാന്ഡ് തകര്ന്നുവീണ് ഒന്നാം വര്ഷ എന്ജിനിയറിങ് വിദ്യാര്ഥിനി മരിച്ചു. അപകടത്തില് 14 വിദ്യാര്ഥികള്ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ എംവിഎസ്ആര് എന്ജിനിയറിങ് കോളജില് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്സ് എന്ജിനിയറിങ് ഒന്നാം വര്ഷ വിദ്യാര്ഥിനിയായ സോന നാരായണ് ദാസ് ആണ് മരിച്ചത്. ആഘോഷപരിപാടികള് നടക്കുന്നതിനിടെ ലൈറ്റുകള് ഘടിപ്പിച്ചിരുന്ന വലിയ ഇരുമ്പ് സ്റ്റാന്ഡ് വിദ്യാര്ഥിനിയുടെ തലയിലേക്ക് തകര്ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോനയെ ഉടന് സമീപത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
സോനയുടെ സഹോദരി മീന നാരായണ് ദാസിനും അപകടത്തില് പരിക്കേറ്റിട്ടുണ്ട്. പരിപാടി അവസാനിക്കാന് പത്ത് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടമുണ്ടായതെന്ന് കോളജ് ഡയറക്ടര് പ്രസന്ന കുമാര് പറഞ്ഞു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റില് ലൈറ്റിങ് സ്റ്റാന്ഡ് തകര്ന്നുവീഴുകയായിരുന്നുവെന്നും പെണ്കുട്ടികള് നൃത്തം ചെയ്തുകൊണ്ടിരുന്ന ഭാഗത്തേക്കാണ് സ്റ്റാന്ഡ് പതിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരെ കോളജ് അധികൃതരുടെ വാഹനങ്ങളില് ഉടന് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവര്ക്ക് ആവശ്യമായ എല്ലാ പിന്തുണയും മാനേജ്മെന്റ് നല്കുമെന്നും അദ്ദേഹം അറിയിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അതേസമയം, പരിപാടിക്ക് ആവശ്യമായ സുരക്ഷാ മുന്കരുതലുകള് സ്വീകരിച്ചിരുന്നില്ലെന്നും കോളജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും സോനയുടെ കുടുംബം ആരോപിച്ചു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ സോന മരിച്ചിരുന്നുവെന്നും ബന്ധുക്കള് പറഞ്ഞു. സംഭവത്തില് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയ മുഖ്യമന്ത്രി, അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു.















