ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: തുലാവര്‍ഷം ശക്തമായതോടെ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. വടക്കന്‍ തമിഴ്നാടിനും ആന്ധ്രാ തീരത്തിനും സമീപമുള്ള അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിലാണ് മഴ ശക്തമായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ തീവ്രമഴയാണ് ലഭിക്കുന്നത്. ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ മേഘവിസ്‌ഫോടനത്തിന് സമാനമായ മഴയാണ് പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. പാരീസില്‍ 17.5 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. കാര്‍ഗില്‍ നഗര്‍, തിരുവൊറ്റിയൂര്‍ എന്നിവിടങ്ങളില്‍ 12 സെന്റിമീറ്റര്‍ വീതം മഴയും മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള ആശങ്കയുണ്ട്.

ഒക്ടോബര്‍ 23 വരെ തമിഴ്നാട്ടില്‍ വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 20ന് നീലഗിരി, കോയമ്പത്തൂര്‍, തേനി, ദിണ്ടിഗല്‍, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മധുര, സേലം, ഈറോഡ്, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി ജില്ലകളിലും മഴ ശക്തമായേക്കും. കനത്ത മഴയും മോശം കാലാവസ്ഥയും റോഡ് ഗതാഗതത്തെ മാത്രമല്ല, ചെന്നൈ വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചു. കൊല്‍ക്കത്തയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്കും ഇന്‍ഡിഗോ വിമാനം തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചുവിട്ടു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, മധുര, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങളിലേക്കുള്ള പന്ത്രണ്ടോളം വിമാന സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം വൈകി. മഴ ശക്തമായി തുടരുന്നതിനാല്‍ ഗതാഗത സംവിധാനങ്ങളില്‍ കൂടുതല്‍ തടസ്സങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

Share