സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംരക്ഷിക്കാന്‍ ആരുമില്ലെന്ന പരാതിക്കിടെ വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച് വയോധിക. വര്‍ക്കലയിലെ വോലാന്‍കോണത്താണ് സംഭവം. വീട്ടില്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന 82കാരിയായ സുധയാണ് ഇന്ന് രാവിലെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. വയോധികയെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സുധയ്‌ക്ക് മൂന്ന് മക്കളാണുള്ളത്. ഇവരെ സംരക്ഷിച്ചിരുന്ന മകന്‍ മരിച്ചതോടെ മറ്റ് രണ്ട് മക്കളും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നാട്ടുകാരാണ് വയോധികയ്‌ക്ക് ഭക്ഷണം നല്‍കുന്നതെന്നും കഴിഞ്ഞ രണ്ട് ദിവസമായി അവര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്നും സമീപവാസികള്‍ പറയുന്നു. വയോധിക താമസിക്കുന്ന വീട് മരിച്ചുപോയ മകന്‍ പണയം വെച്ചിരുന്നതായും വീട് ഇപ്പോള്‍ ജപ്തി നടപടികളുടെ വക്കിലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന വിവരം നേരത്തേ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും സമീപവാസികള്‍ പറയുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വയോധികയ്‌ക്ക് സുരക്ഷിതമായ താമസവും ആവശ്യമായ പരിചരണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share