കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Published by
ജനം വെബ്‌ഡെസ്ക്

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയിലെ ചോരേബാഗാന്‍ ദുര്‍ഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 19 പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. കല്‍ക്കട്ട ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണ സംഘമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരെയും ഇരകളുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്‌ഐടി രൂപീകരിക്കുന്നതിനുള്ള അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കും. അനുമതി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടൊപ്പമാണ് സുവേന്ദു അധികാരി പരിക്കേറ്റവരെ സന്ദര്‍ശിച്ചത്. സംഭവത്തിലെ സ്ഥിതിഗതികള്‍ താന്‍ നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും ചീഫ് സെക്രട്ടറി, പൊലീസ് കമ്മീഷണര്‍, ആഭ്യന്തര സെക്രട്ടറി, ഡിജിപി തുടങ്ങിയവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനത്തിലാണെന്നും അവധിയാഘോഷങ്ങളിലോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രസ്താവനകള്‍ നടത്തുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. പൊതുജനങ്ങളുടെ സുരക്ഷയ്‌ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകള്‍ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ച 19 പേരില്‍ 18 പേരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. ദുരന്തത്തില്‍ മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് സിവില്‍ ഭരണകൂടം, പൊലീസ്, പ്രാദേശിക എംഎല്‍എ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം സഹായം നല്‍കും. സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ സംഘം കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സംഭവത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നതിനെയും സുവേന്ദു അധികാരി ചോദ്യം ചെയ്തു. മുന്‍ സര്‍ക്കാരുകളുടെ ഭരണകാലത്തും സമാനമായ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. വിഐപി പാസുകള്‍ അനുവദിച്ച് പണം ഈടാക്കുന്ന രീതി അവസാനിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ വിഐപി യാത്രയ്‌ക്കായി റോഡുകളിലെ പാതകള്‍ അടച്ചിടുന്ന രീതി പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബാക്കിയുള്ള നടപടികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.

Share