തിരുവനന്തപുരം: കോവളത്തെ സ്പായിൽ ആന്ധ്രാ സ്വദേശിനിയായ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ അന്തർസംസ്ഥാന റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി സൂചന. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. സ്പാ ഉടമകളായ സജിത്ത് കുമാർ, നിശാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചവരെ തിരിച്ചറിയുന്നതിനായി തിരിച്ചറിയൽ പരേഡ് നടത്താനും പൊലീസ് ഒരുങ്ങുകയാണ്. ചെന്നൈയിലും പെൺകുട്ടി പീഡനത്തിനിരയായതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പെൺകുട്ടിയെ രക്ഷിച്ചത് സ്പാ ജീവനക്കാരൻ
സ്പായിലെ മലയാളിയായ ജീവനക്കാരനാണ് പെൺകുട്ടിയെ അവിടെനിന്ന് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. തുടർന്ന് നെയ്യാർ സ്വദേശിയായ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണയിലായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ബന്ധുക്കൾ കുട്ടിയെ കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിൽ പാർപ്പിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കേസ്.
പൊലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിങ്ങിലുമാണ് പെൺകുട്ടി നേരിട്ട പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയെ പണം വാങ്ങി കൈമാറിയെന്ന ആരോപണം നേരിടുന്ന ഇളയമ്മ നാഗലക്ഷിയും ഭർത്താവ് ഗോപിയും ആന്ധ്രയിൽനിന്ന് പിടിയിലായിട്ടുണ്ട്. ഇവരെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
ബിനാമി ഇടപാടുകളിലും അന്വേഷണം
സ്പാകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
ബിനാമിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്പാകളിൽനിന്ന് പണം കൈമാറിയിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ നിശാന്തുമായി ഇയാൾക്ക് അടുത്ത സൗഹൃദമുണ്ടെന്നും കോവളത്തെ സ്പായിൽ പതിവായി എത്താറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.
കേസിൽ പ്രതികളുടെ എണ്ണം വർധിക്കാനിടയുണ്ടെന്ന സൂചനകളെ തുടർന്ന് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതിനു പിന്നിൽ പ്രവർത്തിച്ചവരെയും ലൈംഗിക ചൂഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെയും കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.















