തിരുവനന്തപുരം: സംസ്ഥാനത്ത് 2027 ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് വഴിയൊരുക്കുന്ന പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മീഷന് വിജ്ഞാപനം ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നയത്തില്‍ പുതിയ സര്‍ചാര്‍ജ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുമുണ്ട്. ഇന്ധനച്ചെലവും വൈദ്യുതി വാങ്ങുന്നതിനുള്ള അധിക ബാധ്യതകളും ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വ്യവസ്ഥകള്‍ അനുവദിക്കുന്നതിനാല്‍ വൈദ്യുതി ബില്ലില്‍ വര്‍ധനയുണ്ടാകുമെന്ന ആശങ്ക ഉയരുന്നു.
കെഎസ്ഇബിയുടെ മുന്‍കാല നഷ്ടം ഏകദേശം 5,000 കോടി രൂപയാണെന്നാണ് കണക്ക്. ഈ സാമ്പത്തിക ബാധ്യതയ്ക്കു പുറമേ, ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധിക ചെലവുകളും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പുതിയ നയം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ധനച്ചെലവുമായി ബന്ധപ്പെട്ട സര്‍ചാര്‍ജ് നിരക്കില്‍ ഉള്‍പ്പെടുത്തുന്നതും ബില്ലില്‍ അധികഭാരമുണ്ടാക്കാന് സാധ്യതയുണ്ട്.
വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്തു വരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ നീളും. ഇതോടെ വൈകിട്ട് ആറു മുതല്‍ രാത്രി 11.30 വരെയാകും പുതിയ പീക്ക് സമയം. ഈ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബാധകമായ നിരക്കുകളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിരക്ക് വര്‍ധനയുടെ കൃത്യമായ തോത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വൈദ്യുതി നിരക്കിലും സര്‍ചാര്‍ജിലും മാറ്റമുണ്ടായാല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ പ്രതിമാസ ബില്ലില്‍ അധികഭാരമുണ്ടായേക്കും. ജോലി കഴിഞ്ഞ് ആളുകള്‍ വീടുകളിലെത്തുന്ന സമയവും വീട്ടുപകരണങ്ങളുടെ ഉപയോഗം കൂടുന്ന വൈകുന്നേരവും പീക്ക് സമയത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ കുടുംബങ്ങളുടെ വൈദ്യുതി ചെലവിനെ പുതിയ വ്യവസ്ഥകള്‍ ബാധിച്ചേക്കാം. വിലക്കയറ്റത്തിനിടെ വൈദ്യുതി ബില്ലിലും അധികഭാരം ഉണ്ടാകുമെന്ന ആശങ്കയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ഉയരുന്നത്. പുതിയ താരിഫ് നയത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വൈദ്യുതി ചെലവില്‍ ഉണ്ടാകുന്ന മാറ്റം ഉപഭോക്താക്കള്‍ക്ക് നിര്‍ണായകമാകും.