തിരുവനന്തപുരം: കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ച് പുറത്താക്കിയതുപോലെ തന്നെയും യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കാൻ നീക്കം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി അടൂർ പ്രകാശ് എംപി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ ലക്ഷ്യമിട്ട് യുഡിഎഫ് കൺവീനർ രൂക്ഷ വിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജനങ്ങൾക്ക് സംശയമുണ്ടാകാൻ ഇടവരരുതെന്നും യാത്രയുടെ ഉദ്ദേശ്യവും കൂടെയുണ്ടായിരുന്ന വ്യക്തിയും ആരാണെന്ന് തുറന്നുപറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രതിനിധിയെയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനെയും നിയമിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനം എടുത്ത ദിവസം താനും സതീശനും ഒരേ വേദിയിൽ ഉണ്ടായിരുന്നുവെന്നും എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യം തന്നോട് പറഞ്ഞില്ലെന്നും അടൂർ പ്രകാശ് വെളിപ്പെടുത്തി. പിറ്റേന്ന് പത്രവാർത്തകളിലൂടെയാണ് വിവരങ്ങൾ അറിഞ്ഞത്. മാധ്യമങ്ങൾ ചോദിച്ചപ്പോൾ സത്യം പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്ത് അറിയിക്കണമെന്ന് എനിക്കറിയാം’
മന്ത്രിസഭ എടുക്കുന്ന എല്ലാ തീരുമാനങ്ങളും യുഡിഎഫ് കൺവീനർ അറിയണമെന്നില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ ഏതൊക്കെ കാര്യങ്ങൾ അറിയിക്കണം, ഏതൊക്കെ അറിയിക്കേണ്ടതില്ല എന്നതിനെക്കുറിച്ച് തനിക്ക് സാമാന്യബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതി ഉന്നയിച്ച ശേഷവും യുഡിഎഫ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ചയുണ്ടായിട്ടില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചു. സാധാരണഗതിയിൽ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയാണ് യോഗം വിളിക്കാറുള്ളത്. വി.ഡി. സതീശന്റെ അറിവോടെയാണോ തന്നെ യുഡിഎഫ് കൺവീനറായി നിയമിച്ചതെന്ന കാര്യത്തിൽ പോലും തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖർഗെയ്‌ക്ക് പരാതി; രാഹുൽ ഗാന്ധിക്കും പകർപ്പ്
യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ് വെളിപ്പെടുത്തി. ഖർഗെയ്‌ക്ക് നൽകിയ പരാതിയുടെ പകർപ്പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കൈമാറിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ കാര്യങ്ങൾ തുറന്നുപറയാൻ അവസരമില്ലെന്നും പാർട്ടി കമ്മിറ്റികൾ കൃത്യമായി ചേരുന്നില്ലെന്നും അടൂർ പ്രകാശ് വിമർശിച്ചു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് യുഡിഎഫ് കൺവീനറായിരുന്ന ശങ്കരനാരായണനെ തീരുമാനങ്ങൾ കത്തിലൂടെ അറിയിക്കുന്ന രീതിയുണ്ടായിരുന്നുവെന്നും ഇപ്പോൾ അത്തരമൊരു സംവിധാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫിലെ കൂടിയാലോചനാ രീതികൾ, മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലി, കൺവീനർ എന്ന നിലയിൽ തനിക്കുള്ള പരിഗണന എന്നിവയെച്ചൊല്ലിയുള്ള അടൂർ പ്രകാശിന്റെ പരസ്യ വിമർശനം കോൺഗ്രസ് നേതൃത്വത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ വീണ്ടും ചർച്ചയാക്കുകയാണ്.















