ന്യൂഡല്‍ഹി: നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് 98കാരനായ അദ്വാനിയെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. ഒക്ടോബര്‍ 16നാണ് അദ്വാനിയെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഭരണത്തലവനായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു കൂടിക്കാഴ്ച. അദ്വാനിയുടെ അനുഗ്രഹം തേടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ പൊതുജീവിതത്തില്‍ അദ്ദേഹം നല്കിയ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തിരുന്നു. 2001 ഒക്ടോബര്‍ 7 മുതല്‍ ഭരണത്തലവനായി തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുന്ന മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്വാനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എക്സില്‍ കുറിച്ച മോദി, രാജ്യത്തിന്റെ പുരോഗതിയില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
1999 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനി, 2002 മുതല്‍ 2004 വരെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. 1927 നവംബര്‍ 8ന് ഇന്നത്തെ പാകിസ്ഥാനിലെ കറാച്ചിയിലാണ് അദ്വാനി ജനിച്ചത്. 1942ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ (ആര്‍എസ്എസ്) സ്വയംസേവകനായി ചേര്‍ന്ന അദ്ദേഹം പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറി. 1986-1990, 1993-1998, 2004-2005 കാലയളവുകളിലായി മൂന്ന് തവണ ബിജെപി ദേശീയ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയിലും ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
രാജ്യത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2024ല്‍ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം നല്കി ആദരിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്കാരം സമ്മാനിച്ചത്.