നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട സുധാകരന്റെയും ഭാര്യ സജിതയുടെയും മക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല. പാലക്കാട് നടന്ന കൂടിക്കാഴ്ചയിൽ മക്കളായ അഖിലയെയും അതുല്യയെയും നേരിൽ കണ്ട അദ്ദേഹം, കോടതി വിധിപ്രകാരം മൂത്തമകൾ അഖിലയ്‌ക്ക് സർക്കാർ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി പരിഗണിച്ച് എത്രയും വേഗം ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത് 2025-ൽ

2025 ജനുവരി 27-നാണ് പാലക്കാട് നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവർ കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ചെന്താമരയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.

ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്‌ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. മാതാപിതാക്കളെയും അമ്മൂമ്മയെയും നഷ്ടപ്പെട്ട കുട്ടികളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഭാവി സുരക്ഷിതമാക്കാൻ സർക്കാർ ജോലി വേണമെന്ന് മക്കൾ

നിലവിൽ പ്രായമായ അപ്പൂപ്പനും അമ്മൂമ്മയ്‌ക്കുമൊപ്പമാണ് അഖിലയും അതുല്യയും കഴിയുന്നത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ഭാവി സുരക്ഷിതമാക്കാൻ സർക്കാർ ജോലി അത്യാവശ്യമാണെന്നും ഇരുവരും പറയുന്നു.

Share