തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. പെണ്‍കുട്ടിയെ സ്പായില്‍ എത്തിച്ചതായി ആരോപിക്കപ്പെടുന്ന ഇളയമ്മയെയും ഭര്‍ത്താവിനെയും ആന്ധ്രാപ്രദേശില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെയും അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സ്പായിലെത്തിയിരുന്ന ഇടപാടുകാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം ജോലി ചെയ്തിരുന്ന നെയ്യാര്‍ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ മാസം 19നാണ് പെണ്‍കുട്ടി സ്പായില്‍നിന്ന് പോയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.
യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് താന്‍ നേരിട്ട ക്രൂരതകളെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇളയമ്മ കോവളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി യുവാവിന്റെ വീട്ടിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. അവിടെയെത്തിയ പൊലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ പ്രായം 20 വയസ്സെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ആന്ധ്രയിലെ പെണ്‍കുട്ടി പഠിച്ച സ്‌കൂളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായം 16 മാത്രമാണെന്ന് കണ്ടെത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രേഖകള്‍ കൈമാറിയതോടെയാണ് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.
പെണ്‍കുട്ടി നേരിട്ട പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആധാര്‍ കാര്‍ഡിലെ പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേടും പുറത്തുവന്നതിനു പിന്നാലെ ഇളയമ്മയും ഭര്‍ത്താവും ആന്ധ്രയിലേക്ക് കടന്നതായാണ് വിവരം. തുടര്‍ന്ന് പൊലീസ് സംഘം സത്യസായി ജില്ലയിലെ പാലസമുദ്രത്തെ വീട്ടില്‍നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോവളത്തെത്തിച്ചു. ആന്ധ്ര പൊലീസിന്റെ സഹായത്തോടെയായിരുന്നു നടപടി. പെണ്‍കുട്ടിയെ കാണിച്ച് ഇരുവരെയും തിരിച്ചറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കോവളത്തെ ഒരു സ്പായില്‍ രണ്ടുമാസത്തോളവും മറ്റൊരു സ്പായില്‍ നാലുദിവസവുമാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്നത്. സ്പാകളിലെത്തിയിരുന്ന ഇടപാടുകാര്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ഒന്‍പത് പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി. ബാല്യത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട പെണ്‍കുട്ടി ഇളയമ്മയുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ചെന്നൈയില്‍ എത്തിയ ശേഷമാണ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരം.
കൂടുതല്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടിയെ കോവളത്തെ സ്പാകളില്‍ ജോലിക്കെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്പാ നടത്തിപ്പുകാരായ പന്തളം നടുവിലെമുറി നയന വീട്ടില്‍ സജിത്ത് കുമാര്‍ (47), പൂവാര്‍ ആശുപത്രി ജങ്ഷനിലെ സാഫല്യം വീട്ടില്‍ നിഷാന്ത് (46) എന്നിവരെ നേരത്തെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്. സ്പാകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്പാ നടത്തിപ്പുകാരനായ സജിത്ത് ഇയാളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സ്പായിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പണം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അക്കൗണ്ടിലേക്ക് പോയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. പതിനാറുകാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ അംഗം ഡോ. എഫ്. വില്‍സണാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.