ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ഒബിസി മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായാണ് താരത്തെ നിയമിച്ചത്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യയുമായി ചാഹല്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ അംഗത്വവും പരിഗണനയും നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യ എന്നിവരോട് ചാഹല്‍ സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചു. ബിജെപി കുടുംബത്തിന്റെ ഭാഗമാകാന്‍ അവസരം നല്‍കിയതിലും ആദരിച്ചതിലും സന്തോഷമുണ്ടെന്നും താരം കുറിച്ചു.
അതേസമയം, ഒബിസി മോര്‍ച്ചയുടെ ദേശീയ ഭാരവാഹികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ നിന്നുള്ള ജോഗന്‍ മോഹന്‍, ഒഡീഷയില്‍ നിന്നുള്ള മമത മൊഹന്ത, ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഗം ലാല്‍ ഗുപ്ത, മഹാരാഷ്‌ട്രയില്‍ നിന്നുള്ള ബാബന്റാവു റാവ്ജി ചൗധരി, ഡല്‍ഹിയില്‍ നിന്നുള്ള സത് പ്രകാശ് റാണ, ബിഹാറില്‍ നിന്നുള്ള അര്‍ജുന്‍ സാഹ്നി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഗീത ബല്‍വന്ത് ബിന്ദ് എന്നിവരെ ദേശീയ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ഗജേന്ദ്ര യാദവ്, കര്‍ണാടകയില്‍ നിന്നുള്ള പ്രമോദ് മാധ്വരാജ്, ഛത്തീസ്ഗഡില്‍ നിന്നുള്ള ലളിത് ചന്ദ്രാകര്‍ എന്നിവര്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരാകും. ഏഴ് ദേശീയ സെക്രട്ടറിമാരെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 37 പേരെ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തിട്ടുണ്ട്.
ഗുജറാത്തില്‍ നിന്നുള്ള ദശരഥ്ജി താക്കൂര്‍, തമിഴ്നാട്ടില്‍ നിന്നുള്ള ടി. വരദരാജന്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള സഞ്ജീവ് കുമാര്‍, ഹരിയാനയില്‍ നിന്നുള്ള സരിത ജാംഗിഡ്, തെലങ്കാനയില്‍ നിന്നുള്ള കടഗഞ്ചി രമേഷ്, മധ്യപ്രദേശില്‍ നിന്നുള്ള വൈഭവ് പന്‍വാര്‍, ബിഹാറില്‍ നിന്നുള്ള ഭീം കുമാര്‍ സാഹു എന്നിവരാണ് പുതിയ ദേശീയ സെക്രട്ടറിമാര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ നിര്‍ദേശപ്രകാരമാണ് നിയമനങ്ങളെന്ന് അമര്‍പാല്‍ മൗര്യ അറിയിച്ചു. പുതിയ ചുമതലകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.















