വെല്ലിങ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ നാല് സെന്‍ രാജ്യങ്ങളിലും ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രാഹുല്‍ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ സെഞ്ച്വറിയോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. 207 പന്തുകള്‍ നേരിട്ടാണ് രാഹുല്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ടെസ്റ്റ് കരിയറിലെ സെഞ്ച്വറികളുടെ എണ്ണം 13 ആയി ഉയര്‍ന്നു. നാല് സെന്‍ രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏഷ്യന്‍ ബാറ്റര്‍മാരുടെ അപൂര്‍വ പട്ടികയിലും 34-കാരനായ താരം ഇടംപിടിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സയീദ് അന്‍വര്‍, രാഹുല്‍ ദ്രാവിഡ്, യൂനിസ് ഖാന്‍, കുമാര്‍ സംഗക്കാര, വിരാട് കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഏഷ്യന്‍ താരമാണ് രാഹുല്‍. പട്ടികയിലെ അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന പ്രത്യേകതയുമുണ്ട്. ഓപ്പണറായി ഇറങ്ങി നാല് സെന്‍ രാജ്യങ്ങളിലും സെഞ്ച്വറി നേടിയ താരങ്ങള്‍ രാഹുലും മുന്‍ പാകിസ്ഥാന്‍ ഓപ്പണര്‍ സയീദ് അന്‍വറും മാത്രമാണ്. രാഹുലിന്റെ ടെസ്റ്റ് സെഞ്ച്വറികളില്‍ പത്തെണ്ണം വിദേശ മൈതാനങ്ങളിലാണ് പിറന്നത്. സ്വന്തം നാട്ടില്‍ മൂന്ന് സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. വിദേശ പിച്ചുകളിലെ മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ന്യൂസിലന്‍ഡിനെതിരായ പ്രകടനം.
2021ന് ശേഷം ഓപ്പണറായി കളിച്ച് ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയിലും രാഹുല്‍ മുന്നിലാണ്. ഏഴ് സെഞ്ച്വറികളുമായി ബെന്‍ ഡക്കറ്റ്, യശസ്വി ജയ്‌സ്വാള്‍, ദിമുത് കരുണരത്നെ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ താരത്തിന്റെ സ്ഥാനം. മത്സരത്തിന്റെ മൂന്നാം ദിനം 52 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച രാഹുല്‍ ദേവ്ദത്ത് പടിക്കലിനൊപ്പം മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 368 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുന്നതില്‍ രാഹുലിന്റെ ഇന്നിങ്‌സ് നിര്‍ണായകമായി.















