റിയാദ്: സൗദി അറേബ്യയും യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുന്നു. യെമന്‍ തലസ്ഥാനമായ സന ഉള്‍പ്പെടെ എട്ട് പ്രവിശ്യകളില്‍ സൗദി സൈന്യം 24 മണിക്കൂറിനിടെ 81 വ്യോമ-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഹൂതികളുടെ ആരോപണം. ആക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഹൂതി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സരി അവകാശപ്പെട്ടു. സനയ്ക്ക് പുറമെ അല്‍ ജൗഫ്, തായിസ്, സാദ, മാരിബ്, ലാഹ്ജ്, അല്‍ ബൈദ, അല്‍ ഹുദൈദ എന്നീ പ്രവിശ്യകളിലാണ് ആക്രമണമുണ്ടായതെന്നാണ് ഹൂതികളുടെ വിശദീകരണം.
ഖമീസ് മുഷൈത്ത്, തായിഫ് വ്യോമതാവളങ്ങളില്‍നിന്ന് പറന്നുയര്‍ന്ന എഫ്-15, ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചെന്നും നജ്റാനില്‍നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടെന്നും ഹൂതി വക്താവ് ആരോപിച്ചു. സംഘര്‍ഷം ആരംഭിച്ചതിനുശേഷം സൗദി നടത്തിയതായി ഹൂതികള്‍ അവകാശപ്പെടുന്ന വ്യോമ-മിസൈല്‍ ആക്രമണങ്ങളുടെ എണ്ണം 5,581 ആയി ഉയര്‍ന്നതായും യഹ്യ സരി പറഞ്ഞു. എന്നാല്‍ ഈ കണക്കുകളും സാധാരണക്കാര്‍ക്കുണ്ടായ നാശനഷ്ടങ്ങളും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടെ സൗദി അറേബ്യയിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നായ റാബിഗ് റിഫൈനറിക്കും റഡാര്‍ സംവിധാനത്തിനും നേരെ ആക്രമണം നടത്തിയതായി ഹൂത്തികള്‍ അവകാശപ്പെട്ടു.
സൗദിയുടെ ചെങ്കടല്‍ തീരത്തുള്ള റാബിഗ് എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടെന്നാണ് ഹൂതി സൈനിക വക്താവിന്റെ പ്രതികരണം. എന്നാല്‍ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സൗദി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമില്ല. അതേസമയം, റിയാദ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് ഹൂത്തികള്‍ അയച്ച മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചിരുന്നു. ഇരുവിഭാഗവും പരസ്പരം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതോടെ മേഖലയില്‍ സുരക്ഷാ ആശങ്കകളും വര്‍ധിക്കുകയാണ്. വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധം തുടരുന്ന രാജ്യമാണ് യെമന്‍.
2014ല്‍ ഹൂതി വിമതര്‍ വടക്കന്‍ മേഖലകളില്‍നിന്ന് മുന്നേറി തലസ്ഥാനമായ സന പിടിച്ചെടുക്കുകയും അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണച്ച് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന രംഗത്തെത്തി. ഹൂതികള്‍ക്കെതിരെ വര്‍ഷങ്ങളോളം വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും നടത്തി. ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ സൗദി നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനവും നേരിട്ടിരുന്നു.
2022ല്‍ രൂപപ്പെട്ട വെടിനിര്‍ത്തലിനുശേഷം സംഘര്‍ഷത്തില്‍ കുറവുണ്ടായിരുന്നെങ്കിലും 2026 ജൂലൈയില്‍ വീണ്ടും ഏറ്റുമുട്ടല്‍ ശക്തമായി. ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ രൂപപ്പെട്ട പുതിയ സാഹചര്യങ്ങളും യെമനിലെ പോരാട്ടത്തെ സ്വാധീനിച്ചിട്ടുണ്ട്. സൗദി പിന്തുണയുള്ള സര്‍ക്കാര്‍ സേനയും ഹൂതി വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായതോടെ രാജ്യത്തെ മാനുഷിക പ്രതിസന്ധിയും കൂടുതല്‍ രൂക്ഷമാകുകയാണ്








