പമ്പ: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും തീർഥാടകർ എത്താതിരിക്കുന്ന സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുക്കിങ് വിവരങ്ങൾ തേടി പമ്പ പൊലീസ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തുനൽകി. പമ്പ എസ്എച്ച്ഒ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദേവസ്വം വിജിലൻസിന്റെ സൈബർ ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയും പരിശോധന ആരംഭിച്ചിട്ടുണ്ട്.
വെർച്വൽ ക്യൂ ബുക്ക് ചെയ്ത തീർഥാടകർ ദർശനത്തിനെത്താതിരിക്കുന്നതിന്റെ കാരണങ്ങളും ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുണ്ടോയെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. ബുക്കിങ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ അയൽ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നുവെന്ന ആരോപണം തടയുന്നതിനും പൊലീസ്, ദേവസ്വം ബോർഡ് അധികൃതർ നടപടികൾ ആരംഭിച്ചു. ഇത്തരം ക്രമക്കേടുകൾ തടയുന്നതിനായി വെർച്വൽ ക്യൂ ബുക്കിങ് സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്താനാണ് നീക്കം.
കൂട്ടത്തോടെയുള്ള ബുക്കിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആധാർ അധിഷ്ഠിത ഒടിപി സ്ഥിരീകരണം കഴിഞ്ഞ ദിവസം മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ തീർഥാടകരുടെയും ആധാർ നമ്പർ നൽകി, അതുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സ്ഥിരീകരണം പൂർത്തിയാക്കിയ ശേഷമേ ഇനി വെർച്വൽ ക്യൂ ബുക്കിങ് നടത്താനാകൂ.
ബുക്കിങ് സംവിധാനം കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ടിക്കറ്റുകളിൽ പ്രത്യേക ക്യുആർ കോഡ് ഉൾപ്പെടുത്തുന്നതും അധികൃതർ പരിഗണിക്കുന്നുണ്ട്. വെർച്വൽ ക്യൂ സ്ലോട്ടുകളുടെ ദുരുപയോഗം തടയുകയും യഥാർഥ തീർഥാടകർക്ക് ദർശനസൗകര്യം ഉറപ്പാക്കുകയും ചെയ്യുകയാണ് നടപടികളുടെ ലക്ഷ്യം.