കൊച്ചി: തനിക്കെതിരായ സോഷ്യൽ മീഡിയ ആക്രമണം വർധിച്ചുവരുന്നതായും വ്യാജ ഐഡികൾ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങൾ ആസൂത്രിതമാണെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണങ്ങൾ ഉന്നയിക്കുന്നവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ആവശ്യമായിവന്നാൽ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തനിക്കെതിരായ ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന് പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. ഷാഫി പറമ്പിലിനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം എ ഗ്രൂപ്പുകാരനല്ലെന്നാണ് താൻ പറഞ്ഞതെന്നും വ്യക്തമാക്കി. ഷാഫി പറമ്പിലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായ സമയത്ത് അദ്ദേഹത്തിനൊപ്പം നിന്നത് താനും ടി. സിദ്ദിഖും മാത്രമായിരുന്നുവെന്നും ഉണ്ണിത്താൻ അവകാശപ്പെട്ടു. ഉമ്മൻചാണ്ടിയെ വേട്ടയാടിയപ്പോൾ പലരും ഭയന്ന് മാറിനിന്നു. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ് എന്ന് പറയുന്നവർ അന്ന് എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻചാണ്ടിയുടെ പേരിൽ താൻ ഒരു ആനുകൂല്യവും നേടിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടി ആശുപത്രിയിൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കിടന്നപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വ്യക്തിയെ പരിഗണിക്കുന്നതിനുള്ള കുറിപ്പ് നൽകിയിരുന്നു. എന്നാൽ അത് കീറിക്കളഞ്ഞ് അടൂരിൽ നിന്നുള്ളയാളെ അധ്യക്ഷനാക്കിയെന്നും ഉണ്ണിത്താൻ പറഞ്ഞു. തനിക്കെതിരായ ഇപ്പോഴത്തെ സോഷ്യൽ മീഡിയ ആക്രമണങ്ങൾ അടൂർ കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങൾക്ക് പിന്നിലുള്ളവരെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ടെന്നും ചില സൂചനകൾ നൽകാമെന്നും ഉണ്ണിത്താൻ പറഞ്ഞു. പനമ്പിള്ളി നഗറിലെ ഫ്ലാറ്റും ’20-20′ എന്ന വാഹന നമ്പറും ക്ലൂ ആയി നൽകിയ അദ്ദേഹം, ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. അനാവശ്യമായി പ്രകോപിപ്പിക്കരുതെന്നും ആവശ്യം വന്നാൽ ചിലരുടെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറുന്ന തരത്തിൽ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
തനിക്കെതിരായ ആക്രമണത്തെ ഭയന്ന് പിന്നോട്ടുപോകില്ലെന്നും പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങൾ തുറന്നുപറയുമെന്നും ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിയിൽ എന്നും ഒറ്റയാനായാണ് പ്രവർത്തിച്ചിട്ടുള്ളത്. കെ. കരുണാകരനും ഉമ്മൻചാണ്ടിക്കുമൊപ്പം നിന്നത് സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടല്ലെന്നും എംപിയാകുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും തന്നെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരുണ്ടെന്നും ആരോപിച്ചു.
തന്റെ മകൻ ബിജെപിയിൽ പോയിട്ടില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. പാർട്ടിയിൽ എല്ലാ നേട്ടങ്ങളും കൈവരിച്ചവരുടെ മക്കളാണ് ബിജെപിയിലേക്ക് പോയതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വി.ഡി. സതീശൻ ഇപ്പോഴല്ലേ മുഖ്യമന്ത്രിയായതെന്നും പ്ലാനറ്റോറിയത്തിൽ വെച്ച് തന്നെ ആക്രമിച്ചത് സതീശൻ പറഞ്ഞിട്ടല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
കാസർകോട് അഡീഷണൽ പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കാനില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. വിദ്യാധരൻ നമ്പ്യാർ കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നാണ് താൻ പറഞ്ഞത്. തനിക്കുവേണ്ടി ബൂത്തിൽ ഇരുന്നയാളാണെന്നും പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം സിപിഎം പ്രവർത്തകനാണെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും തന്റെ വാദത്തിന് തെളിവ് നൽകാൻ കഴിയുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
കാർട്ടൂണുകളെ താൻ ആസ്വദിക്കാറുണ്ടെന്നും എന്നാൽ കാർട്ടൂൺ വരയ്ക്കുന്നവർ ആദ്യം കണ്ണാടിയിൽ നോക്കണമെന്നും പറഞ്ഞാണ് അദ്ദേഹം പ്രതികരണം അവസാനിപ്പിച്ചത്.