മുംബൈ സ്ഫോടനക്കേസ് പ്രതിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ എഫ്ബിഐ രഹസ്യാന്വേഷണ ഏജന്റ് കമ്രാൻ ഫരീദി. 70-ാം വയസിലും ദാവൂദ് ആരോഗ്യവാനാണെന്നും പാകിസ്താനിലെ കറാച്ചിയിൽ ഇരുന്ന് ഡി കമ്പനിയുടെയും ലഹരിക്കടത്ത് ശൃംഖലയുടെയും പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആജ് തക് റേഡിയോയ്ക്ക് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ സംരക്ഷണത്തിലാണ് ദാവൂദ്. തന്നേക്കാൾ പ്രായം കുറഞ്ഞ ആയിഷ ബാബി എന്ന യുവതിയെ രണ്ടാം വിവാഹം കഴിച്ച ദാവൂദ് രാത്രികാല വിരുന്നുകളിലും രാഷ്ട്രീയ, ബിസിനസ് കൂടിക്കാഴ്ചകളിലും പങ്കെടുക്കുന്നുണ്ട്. കറാച്ചിയിലെ 22 സാംസാമ എന്ന സ്ഥലത്തെ കെട്ടിടത്തിന്റെ ഭൂഗർഭ നിലയിൽ അതീവ സുരക്ഷയോടെ ഒരുക്കിയ നിശാക്ലബിൽ പാക് ഉദ്യോഗസ്ഥർക്കൊപ്പം നൃത്തപരിപാടികൾ ആസ്വദിക്കുകയും ബിസിനസ് ചർച്ചകൾ നടത്തുകയും ചെയ്യാറുണ്ട്.
2009-ൽ ദാവൂദിന്റെ സംഘത്തിൽ നുഴഞ്ഞുകയറാനുള്ള ദൗത്യം ലഭിച്ച ഫരീദി റഷ്യൻ മാഫിയ സംഘാംഗമെന്ന വ്യാജേനയാണ് ഡി കമ്പനിയിൽ പ്രവേശിച്ചത്. ദാവൂദിന്റെ വിശ്വസ്തനായ ജാബിർ മോട്ടിവാല വഴിയാണ് പരിചയപ്പെട്ടത്. 2018-ൽ ലണ്ടനിൽ ജാബിർ അറസ്റ്റിലായതിന് പിന്നിൽ താനാണെന്നും ഡി കമ്പനിയുടെ ഹവാല ഇടപാടുകൾ ക്രമീകരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ മകൻ അലി കസ്കറാണ് തനിക്ക് നിർണായക വിവരങ്ങൾ കൈമാറിയതെന്നും പറഞ്ഞു.
കറാച്ചിയിലെ അതീവ സുരക്ഷാ മേഖലയിൽ കഴിയുന്ന ദാവൂദ് ഭയത്തോടെയാണ് ജീവിതം നയിക്കുന്നതെന്നും ഫരീദി പറയുന്നു. പകൽ പുറത്തിറങ്ങാത്ത ദാവൂദ് രാത്രി പത്ത് മണിക്ക് ശേഷമാണ് പുറത്തുവരുന്നത്. പുലർച്ചെ പ്രാർഥനയ്ക്ക് മുമ്പ് തിരിച്ചെത്തും. പാകിസ്താന്റെ എലൈറ്റ് സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ 45 ഓളം കമാൻഡോകൾ എകെ-47 തോക്കുകളുമായി 24 മണിക്കൂറും ഇയാൾക്ക് സുരക്ഷയൊരുക്കുന്നുണ്ട്. ചോട്ടാ ഷക്കീലാണ് സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതെന്നും ഓരോ വെള്ളിയാഴ്ചയും ഐഎസ്ഐ ആസ്ഥാനത്തെത്തി റിപ്പോർട്ടുകൾ കൈമാറാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദാവൂദിന്റെ സഹോദരങ്ങളായ ഷക്കീലും അനീസും ഡി കമ്പനിയുടെ അടുത്ത തലവൻ ആരാകണമെന്നതിനെച്ചൊല്ലി തർക്കത്തിലാണെന്നും ഫരീദി വെളിപ്പെടുത്തി. മദ്യത്തിന് അടിമയായിരുന്ന ദാവൂദ് ഇപ്പോൾ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്നും ആദ്യ ഭാര്യ മെഹ്ജബീൻ ജീവിച്ചിരിക്കെ പത്താൻ വിഭാഗത്തിൽപ്പെട്ട മറ്റൊരു യുവതിയെ വിവാഹം കഴിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് കടന്നപ്പോൾ മുംബൈയിലെ ഇസ്ലാം ബാബ എന്ന ഫക്കീറിനെയും ഒപ്പം കൂട്ടിയിരുന്നുവെന്നും പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഇയാളുടെ അനുമതി തേടാറുണ്ടെന്നും ഫരീദി വെളിപ്പെടുത്തി.