ബെംഗളൂരു: ഹാസൻ ജില്ലയിൽ നിന്നുള്ള കാട്ടാനകളെ സ്വന്തം മണ്ഡലമായ മൂഡിഗെരെയിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ രാജിവച്ചു. ജനപ്രതിനിധികളുമായി ആലോചിക്കാതെ കൈക്കൊണ്ട തീരുമാനം മണ്ഡലത്തിലെ ജനങ്ങളുടെ ജീവനും ഉപജീവനമാർഗത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്.
സ്പീക്കർ ജി.എസ്. പാട്ടീൽ സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിക്കാണ് നയന രാജിക്കത്ത് കൈമാറിയത്. വിധാൻ സൗധയിലെ സ്പീക്കറുടെ ഓഫീസിലെത്തിയാണ് കത്ത് സമർപ്പിച്ചത്. മണ്ഡലത്തിലെ ജനങ്ങളുടെ സുരക്ഷ അപകടത്തിലാകുന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരാനാകില്ലെന്ന് അവർ വ്യക്തമാക്കി.
വിധാൻ സൗധയിൽ മാധ്യമപ്രവർത്തകരെ കണ്ട നയന രാജിക്കത്തിന്റെ പകർപ്പ് പ്രദർശിപ്പിച്ചു. തന്നോട് ആലോചിക്കാതെ മൂഡിഗെരെയിലെ തത്കോള റിസർവ് വനമേഖലയിലേക്ക് ആനകളെ തുരത്താനുള്ള വനംവകുപ്പിന്റെ തീരുമാനം തന്നെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തതായി കത്തിൽ പറയുന്നു. ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ് തനിക്ക് പ്രധാനമെന്നും അവർ വ്യക്തമാക്കി.
നവംബർ 22-ന് ചിക്കമഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിലും നയന കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ മൂഡിഗെരെയിൽ നിന്ന് ആനകളെ മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്നായിരുന്നു മുന്നറിയിപ്പ്. കോൺഗ്രസ് എംഎൽഎമാരാരും യഥാർത്ഥത്തിൽ രാജിവെക്കില്ലെന്ന് മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സി.ടി. രവി പരിഹസിച്ചതിന് പിന്നാലെയാണ് നയനയുടെ രാജി.
കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ബേലൂർ, സകലേഷ്പൂർ താലൂക്കുകളിൽ നിന്ന് കാട്ടാനകളെ തുരത്താനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ആനകളെ ഭദ്ര കടുവാസങ്കേതത്തിലേക്ക് മാറ്റാൻ ഹാസൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എം. ശിവലിംഗെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെയാണ് വിവാദം ശക്തമായത്.
എന്നാൽ, ഹാസനിൽ നിന്നുള്ള ആനകളെ ചിക്കമഗളൂരു ജില്ലയിലെ മൂഡിഗെരെയിലേക്ക് മാറ്റാനുള്ള നീക്കത്തെ ജില്ലയിലെ നാല് എംഎൽഎമാർ എതിർത്തു. ഇവർ വനംമന്ത്രിക്ക് രേഖാമൂലം നിവേദനവും നൽകിയിരുന്നു. ജനപ്രതിനിധികളുടെ എതിർപ്പ് നിലനിൽക്കെയാണ് വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് നയന മൊട്ടമ്മ രാജിക്കത്ത് സമർപ്പിച്ചത്.














