ക്യാൻസർ പോരാട്ടത്തിനിടെ ആശ്വാസവാർത്തയുമായി നടി ഉമാശങ്കരി. സ്തനാർബുദ ചികിത്സയുടെ ഭാഗമായി നടത്തിയ കീമോതെറാപ്പിയുടെ അവസാന ഘട്ടവും പൂർത്തിയാക്കി താരം. ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷവാർത്ത ആരാധകരെ അറിയിക്കുകയായിരുന്നു ഉമ. ‘കീമോതെറാപ്പി കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും കരുത്തുള്ളവളായിരുന്നു. അവസാന ഇൻഫ്യൂഷൻ, പുതിയ അധ്യായത്തിലേക്കുള്ള ആദ്യ ചുവട്’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. വാർത്ത പുറത്തുവന്നതോടെ നിരവധി ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തി.
നേരത്തെയും ചികിത്സാ വിശേഷങ്ങൾ ഉമ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ബുദ്ധിമുട്ടേറിയ ദിവസങ്ങളെ അതിജീവിക്കാനും ആരോഗ്യം മെച്ചപ്പെടുന്ന ഓരോ ഘട്ടവും ആഘോഷിക്കാനും പഠിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ കരുതലും ആരാധകരുടെ സ്നേഹവും പിന്തുണയും വലിയ കരുത്താണെന്നും ഉമ അന്ന് കുറിച്ചു.
രോഗവിവരം പങ്കുവെച്ചത് ജൂണിൽ
ജൂൺ അവസാനത്തോടെയാണ് തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം ഉമ ശങ്കരി വെളിപ്പെടുത്തിയത്. ആദ്യം വലിയ ആഘാതമായിരുന്നുവെന്നും വിശ്വസിക്കാനും അംഗീകരിക്കാനും ഏറെ സമയമെടുത്തെന്നും താരം തുറന്നുപറഞ്ഞിരുന്നു. ‘എന്തുകൊണ്ട് എനിക്ക്? എന്തുകൊണ്ട് ഇപ്പോൾ? ഇനി എന്ത് സംഭവിക്കും?’ തുടങ്ങിയ നിരവധി ചോദ്യങ്ങൾ മനസിനെ അലട്ടിയെന്നും ഉമ കുറിച്ചിരുന്നു.
ഈ പ്രതിസന്ധി മറികടക്കാൻ കുടുംബം നൽകിയ പിന്തുണയെക്കുറിച്ചും താരം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഭർത്താവിന്റെയും മകന്റെയും കരുത്താണ് തനിക്ക് വലിയ ആത്മവിശ്വാസം നൽകിയതെന്നും എല്ലാ ശക്തിയും ഉപയോഗിച്ച് രോഗത്തോട് പോരാടുമെന്നും ഉമ വ്യക്തമാക്കിയിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് ഉമ ശങ്കരി. 2000 മുതൽ 2007 വരെയുള്ള കാലയളവിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ ‘വസന്തമാളിക’, ‘ഈ സ്നേഹതീരത്ത്’ തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 2006ൽ സോഫ്റ്റ്വെയർ എൻജിനീയറായ എച്ച്. ദുഷ്യന്തിനെ വിവാഹം ചെയ്തതോടെ അഭിനയത്തിൽനിന്ന് ചെറിയ ഇടവേളയെടുത്തു. പിന്നീട് ടെലിവിഷൻ രംഗത്തും സജീവമായി. 2022ൽ പുറത്തിറങ്ങിയ അജിത് കുമാർ ചിത്രം ‘വലിമൈ’യിലാണ് ഏറ്റവും ഒടുവിൽ ശ്രദ്ധേയമായ വേഷത്തിലെത്തിയത്.