ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

മീററ്റ്: ഇന്ത്യന്‍ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് ചാവേറാക്രമണം ആസൂത്രണം ചെയ്ത പാക് പിന്തുണയുള്ള ഭീകരശൃംഖലയിലെ 22-കാരന്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിയായ ഉസൈദിനെയാണ് യുപി പൊലീസ് പിടികൂടിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന ഇയാള്‍, നേരത്തെ അറസ്റ്റിലായ ജമ്മു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് സാജിദുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. സെനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരെ ചാവേറാക്രമണങ്ങളിലൂടെ ലക്ഷ്യമിടാനുള്ള ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നതാണ് ഉസൈദിനെതിരായ പ്രധാന ആരോപണം. സമൂഹമാധ്യമങ്ങളിലൂടെ ഭാരതവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുകയും പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും സംശയാസ്പദരായ വ്യക്തികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു.

എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകള്‍ വഴിയായിരുന്നു പ്രധാനമായും ആശയവിനിമയം. 14 വയസിന് മുകളിലുള്ള കുട്ടികളെയും യുവാക്കളെയും തീവ്രവാദത്തിലേക്കും ജിഹാദിലേക്കും ആകര്‍ഷിക്കാന്‍ ശ്രമിച്ചതായും മീററ്റ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ബി.ബി.ജി.ടി.എസ്. മൂര്‍ത്തി നവംബര്‍ 24ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ഗുണ്ടാസംഘം ഷെഹ്സാദ് ഭാട്ടിയുടെ പിന്തുണയുള്ള ഓണ്‍ലൈന്‍ തീവ്രവല്‍ക്കരണ ശൃംഖലയിലെ കണ്ണിയായിരുന്നു ഉസൈദെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. യുവാക്കളെ സ്വാധീനിക്കാനും ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനും ഉസൈദും സാജിദും ഇന്‍സ്റ്റഗ്രാമിലും ‘സെഷന്‍’ എന്ന എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പിലും സജീവമായിരുന്നു. ‘ട്യൂഷന്‍-40’, ‘005 ബ്രിഗേഡ്’, ‘അല്‍-മുസാഹിദ്’ തുടങ്ങിയ പേരുകളില്‍ ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചിരുന്നു. മസൂദ് അസ്ഹറിനെ അവതരിപ്പിക്കുന്ന വീഡിയോകള്‍ ഉള്‍പ്പെടെയുള്ള ഭാരതവിരുദ്ധ ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഉസൈദ് പതിവായി കണ്ടിരുന്നതായും പൊലീസ് പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് ‘005 ബ്രിഗേഡ്’ ഗ്രൂപ്പില്‍ നടന്ന ചാറ്റാണ് ഭീകരരുടെ ആക്രമണപദ്ധതി പുറത്തുകൊണ്ടുവന്നത്. ‘ഡ്രഗ്‌സ്’ എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന പാക് ഹാന്‍ഡ്ലര്‍ ആമിര്‍ ഹംസയാണ് സൈനിക ചെക്ക് പോസ്റ്റ് ലക്ഷ്യമിട്ടുള്ള പദ്ധതി മുന്നോട്ടുവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റ് ധരിപ്പിച്ച് മുഹമ്മദ് സാജിദിനെ സൈനിക ചെക്ക് പോസ്റ്റിലേക്ക് അയച്ച് പൊട്ടിത്തെറിപ്പിക്കാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആക്രമണത്തിന് തയ്യാറാണെന്ന് സാജിദ് മറുപടി നല്‍കിയതായും ‘ഇന്‍ഷാ അള്ളാ, ആ ചെക്ക് പോസ്റ്റ് മുഴുവന്‍ ഞാന്‍ തകര്‍ക്കും’ എന്ന സന്ദേശം അയച്ചതായും പൊലീസ് വെളിപ്പെടുത്തി. ‘ഇബ്നആദം’ എന്ന കോഡ് നാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉസൈദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റിനെക്കുറിച്ച് ഹംസയോട് ചോദിച്ചിരുന്നു. ഇത് വീട്ടില്‍ത്തന്നെ നിര്‍മിക്കാമെന്നായിരുന്നു ഹംസയുടെ മറുപടി.

2025 നവംബറില്‍ ഒരു പ്രധാന സൈനിക ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ആക്രമണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ട ചുമതല സാജിദിനും ആയുധങ്ങളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റുകളും സംഘടിപ്പിക്കേണ്ട ചുമതല ഉസൈദിനുമായിരുന്നു. എന്നാല്‍ സാജിദ് അറസ്റ്റിലായതോടെ പദ്ധതി നടപ്പാക്കാനായില്ലെന്നാണ് പൊലീസ് വിശദീകരണം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഉസൈദും സാജിദും തമ്മില്‍ പരിചയപ്പെട്ടത്. സാജിദിന്റെ ഒരു വീഡിയോയ്‌ക്ക് താഴെ ‘ഹം ഭി തയ്യാര്‍ ഹേന്‍’ (ഞങ്ങളും തയ്യാറാണ്) എന്ന കമന്റിട്ടതോടെയാണ് ഇരുവരും തമ്മില്‍ ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് അറിയിച്ചു. ജമ്മുവിലെ ബാഹു ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെയാണ് സാജിദ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഉസൈദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് ജമ്മു, മീററ്റ് പൊലീസ് സംഘങ്ങള്‍ സംയുക്തമായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മീററ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഉസൈദിനെ കണ്ടെത്താനായില്ല. പിന്നീട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകരശൃംഖലയുടെ കൂടുതല്‍ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Share