ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണം സംശയിക്കുന്നതിനെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾ സുപ്രിയ സുലെ എംപിയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.

നിർജലീകരണമാകാമെന്നാണ് കരുതുന്നതെന്ന് സുപ്രിയ സുലെ കുറിച്ചു. ജോലിസമയം കുറയ്‌ക്കാനും യാത്രകൾ പരിമിതപ്പെടുത്താനും പിതാവിനോട് നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും അദ്ദേഹം അത് ഗൗരവമായി എടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ഈ മാസം മൂന്നാം തവണയാണ് 85കാരനായ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നവംബർ രണ്ടിന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ നവംബർ നാലിന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ അന്നുതന്നെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. നവംബർ ഏഴുവരെ അവിടെ ചികിത്സയിൽ തുടർന്നു.

ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

Share