ന്യൂഡൽഹി: നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരും. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് സമ്മേളന തീയതികൾ പ്രഖ്യാപിച്ചത്. ലോക്‌സഭയുടെ സമ്മേളനം നവംബർ 30നും രാജ്യസഭയുടേത് ഡിസംബർ 2നും നടക്കും. ഡിസംബർ 3ന് ഇരുസഭകളുടെയും സമ്മേളനം അവസാനിക്കും.
അത്യാവശ്യമായ സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും നടപടികൾ പൂർത്തിയാക്കുന്നതിനുമായി സഭാസമ്മേളനം വിളിച്ചുചേർക്കണമെന്ന് ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് കിരൺ റിജിജു സാമൂഹികമാധ്യമക്കുറിപ്പിൽ അറിയിച്ചു. എന്നാൽ പ്രത്യേക സമ്മേളനത്തിന്റെ വിശദമായ അജണ്ട കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള സുപ്രധാന ബില്ലുകൾ സമ്മേളനത്തിൽ ചർച്ചയായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സമ്മേളനത്തിന്റെ അജണ്ട പുറത്തുവരുന്നതോടെ ഏതെല്ലാം വിഷയങ്ങൾ സഭയുടെ പരിഗണനയ്‌ക്ക് എത്തുമെന്നതിൽ വ്യക്തത ലഭിക്കും.















