മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ‘ജൽസ’യ്‌ക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. മുംബൈ മേയർ ഋതു താവ്ഡെക്കും മുനിസിപ്പൽ കമ്മീഷണർ അശ്വിനി ഭിഡെയ്‌ക്കും ലഭിച്ച ഭീഷണി ഇ-മെയിലിലാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പുള്ളത്. സംഭവത്തെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി.
മഹാലക്ഷ്മി റേസ്‌കോഴ്‌സ്, സയൻസ്, ആചാര്യ മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇ-മെയിലിലെ അവകാശവാദം. നവംബർ 27 മുതൽ ഡിസംബർ 31 വരെ മെട്രോ സ്റ്റേഷനുകളിൽ ഐഇഡി സ്ഫോടനങ്ങൾ നടത്തുമെന്നും അടുത്ത 30 ദിവസത്തിനുള്ളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രനേഡ് ആക്രമണങ്ങൾ ഉണ്ടാകുമെന്നും സന്ദേശത്തിൽ ഭീഷണിയുണ്ട്.
നവംബർ 26ന് ഉച്ചയ്‌ക്ക് 1.11ന് മേയറുടെ ഓഫീസിൽ സ്ഫോടനം നടത്തുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഖാലിസ്ഥാൻ അനുകൂല പരാമർശങ്ങൾക്കും 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കും പുറമെ ഖാലിസ്ഥാൻ നാഷണൽ ആർമി, ബബ്ബർ ഖൽസ എന്നീ സംഘടനകളുടെ പേരുകളും ഇ-മെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ ബച്ചന്റെ വസതിയിലും മെട്രോ സ്റ്റേഷനുകളിലുമടക്കം പരിശോധനകൾ നടത്തി. ബോംബ് നിർവീര്യമാക്കൽ സേനയെയും സ്നിഫർ നായകളെയും പരിശോധനയ്‌ക്കായി വിന്യസിച്ചതായാണ് റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ മുംബൈ പൊലീസിന്റെ സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ബച്ചന്റെ വസതി ഭീഷണി സന്ദേശത്തിൽ ഉൾപ്പെടുന്നത് ഇതാദ്യമല്ല. ഒക്ടോബറിലും ജൽസയെ പരാമർശിച്ചുള്ള ഭീഷണി സന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വീടിനു സമീപം സുരക്ഷ ശക്തമാക്കിയിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പതിനെട്ടാം വാർഷികദിനത്തിലാണ് പുതിയ ഭീഷണി സന്ദേശം പുറത്തുവന്നത്. ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.















