മലപ്പുറം: എടവണ്ണയിൽ ചാലിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വഴിക്കടവ് കുന്നുമ്മൽപൊട്ടി സ്വദേശി വി.എം. അജ്മലിന്റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
എടവണ്ണ സീതി ഹാജി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് അജ്മലിനെ കാണാതായത്. എടവണ്ണയിൽ ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അജ്മൽ സുഹൃത്ത് നൗഷാദിനൊപ്പം പുഴയിൽ സ്വർണം അരിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.
അജ്മലിനെ കാണാതായ വിവരം സുഹൃത്ത് അറിയിച്ചതോടെ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു. മലപ്പുറത്തുനിന്നുള്ള മുങ്ങൽ വിദഗ്ധരും സ്കൂബാ ഡൈവിങ് സംഘവും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.