പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കാൻ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളുടെ മുൻവശത്ത് പോഷകഘടകങ്ങൾ സംബന്ധിച്ച വ്യക്തമായ മുന്നറിയിപ്പുകൾ നൽകണമെന്ന് കേന്ദ്രസർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കും (എഫ്എസ്എസ്എഐ) കോടതി നിർദേശം നൽകി.

ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അമിതമായ അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളിൽ ഓരോ ഘടകത്തിനും പ്രത്യേകം മുന്നറിയിപ്പ് ചിഹ്നം വേണം. ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള ചിഹ്നത്തിൽ അതത് ഘടകത്തിന്റെ ചിത്രവും ‘HIGH FAT’, ‘HIGH SUGAR’, ‘HIGH SALT’ എന്നീ വാക്കുകളും ഉൾപ്പെടുത്തണം. ഒന്നിലധികം ഘടകങ്ങൾ അനുവദനീയമായ അളവിൽ കൂടുതലുള്ള ഉൽപ്പന്നങ്ങളിൽ ഓരോന്നിനും പ്രത്യേകം മുന്നറിയിപ്പ് നൽകണം. ഒറ്റ ചിഹ്നത്തിൽ എല്ലാ മുന്നറിയിപ്പുകളും ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.

പോഷകഘടകങ്ങളുടെ അളവ് നിശ്ചയിക്കുമ്പോൾ ചേർത്ത പഞ്ചസാരയ്‌ക്കും കൊഴുപ്പിനും പകരം ആകെ പഞ്ചസാരയും പൂരിത കൊഴുപ്പും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ഉപ്പിന്റെ അളവും കണക്കിലെടുക്കണം. മുന്നറിയിപ്പ് നൽകുന്നതിനുള്ള പരിധികൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കണം. പരിധി വളരെ താഴ്ന്നാൽ മിക്ക ഉൽപ്പന്നങ്ങളിലും മുന്നറിയിപ്പ് വരുകയും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുകളോടുള്ള ശ്രദ്ധ കുറയുകയും ചെയ്യാം. അതേസമയം, പരിധി അമിതമായി ഉയർത്തിയാൽ അപകടസാധ്യതയുള്ള ഉൽപ്പന്നങ്ങൾ മുന്നറിയിപ്പില്ലാതെ വിപണിയിലെത്തുമെന്നും കോടതി നിരീക്ഷിച്ചു.

നിലവിലുള്ള ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം പുതിയ ലേബലിങ് ചട്ടങ്ങളുടെ കരട് നാലുമാസത്തിനകം തയ്യാറാക്കാനും എഫ്എസ്എസ്എഐക്ക് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ഒഴിവാക്കുന്നതിനായി ഉൽപ്പന്നങ്ങളിൽ കൃത്രിമ ചേരുവകൾ ചേർക്കുന്നതും ഘടനയിൽ മാറ്റം വരുത്തുന്നതും നിരീക്ഷിക്കണം. ചട്ടങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ കാലതാമസം അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.

കുട്ടികളടക്കമുള്ളവരുടെ ആരോഗ്യസംരക്ഷണവും പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധവും മുൻനിർത്തിയാണ് കോടതി ഇടപെടൽ. പാക്കറ്റിന്റെ പിൻവശത്തെ പോഷകവിവരങ്ങൾ മാത്രം ആശ്രയിക്കാതെ, വാങ്ങുന്ന സമയത്തുതന്നെ ഭക്ഷണത്തിന്റെ അപകടസാധ്യത തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് മുന്നറിയിപ്പ് ലേബലുകളുടെ ലക്ഷ്യം.

Share