കൊച്ചി: ബാര്‍ കോഴയില്‍ മന്ത്രി കെ. ബാബുവിനെതിരേ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനില്‍ കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജികളിലാണു വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
കെ. ബാബുവിനെതിരെ എറണാകുളം റേഞ്ച് വിജിലന്‍സ് ഡിവൈഎസ്പി അന്വേഷണം നടത്തിയിരുന്നെങ്കിലും മന്ത്രിയെ വിചാരണ ചെയ്യാന്‍ വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ല. തുടര്‍ന്ന് നടപടികള്‍ അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിടുകയായിരുന്നു. അതിനാലാണ് ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.
വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നു കീഴ്ക്കോടതികളില്‍ കെ. ബാബുവിനെതിരെ ഇതേ ആവശ്യം ഉന്നയിച്ചു നല്കിയ ഹര്‍ജികളില്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിക്കാര്‍ കീഴ്ക്കോടതികളിലെ കേസുകളില്‍ കക്ഷിചേരുകയാണു വേണ്ടതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.
ബാര്‍ കോഴയില്‍ മന്ത്രി കെ. ബാബുവിന് ഓഫീസിലെത്തി അന്‍പത് ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഹര്‍ജി ചീഫ് ജസ്റ്റീസ് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി.