ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

Published by
Janam Web Desk

തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യേപക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി നാളെ വിധി പറയും. സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

505 ദിവസമായി കേസില്‍ അന്വേഷണം നടക്കുകയാണ്. ജയരാജനെ പ്രതിയാക്കാനോ ജയരാജനെതിരായ തെളിവുകള്‍ ഹാജരാക്കാനോ സിബിഐയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് ജാമ്യം നല്‍കണമെന്നായിരുന്നു ജയരാജന്റെ അഭിഭാഷകന്റെ വാദം. സിബിഐ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘവുമായി സഹകരിക്കാനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്നും അതിനാലാണ് വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്നതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജയരാജന് നേരത്തെ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും കോടതിയില്‍ സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജയരാജനെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.

ആദ്യ തവണ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ വരെ എത്തിയിരുന്നു. അന്ന് ജയരാജനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന കാരണം പറഞ്ഞ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഈ മാസം നാലിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് അയച്ചെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയരാജന്‍ ഒരാഴ്ച അവധി ചോദിക്കുകയായിരുന്നു. തുടര്‍ന്ന് 12 ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ കോടതിയെ സമീപിച്ചത്. കേസില്‍ ജയരാജനെതിരേ ശക്തമായ തെളിവാണ് സിബിഐയ്‌ക്ക് ലഭിച്ചിട്ടുള്ളത്.

Share
Leave a Comment