കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. കൊച്ചിയിൽ സീസണിലെ ആദ്യ ഹോം മാച്ചിനിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അത്ലറ്റികോ ഡി കൊൽക്കത്ത തോൽപ്പിച്ചത്. 52 ആം മിനിറ്റിൽ ജാവി ലാറയാണ് ഗോൾ നേടിയത്.
കലൂരിലെ മഞ്ഞക്കടലിന്റെ ഇരമ്പം കാലുകളിലേക്ക് ആവാഹിക്കാൻ കൊമ്പന്മാർക്കായില്ല. ഹോം മത്സരത്തിൽ ജയത്തോടെ തുടങ്ങാനെത്തിയ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കി. മാർക്വീ താരം ആരോൺ ഹ്യൂസില്ലാതെയിറങ്ങിയിട്ടും ആദ്യ പകുതി ഒപ്പത്തിനൊപ്പം. പതിവ് പോലെ പോർമുനയായി അന്റോയിൻ ജർമ്മൻ. ജോസു പ്രിറ്റോയും പ്രഥീക് ചൗധരിയും പിന്തുണ നൽകിയതോടെ ആദ്യപകുതി ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തേക്ക് പന്തെത്തിച്ചത് അഞ്ചിലേറെ തവണ.
53 ആം മിനിട്ടിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ നിശബ്ദമാക്കിയത് ജാവി ലാറ. ഗോൾ മടക്കാൻ അന്റോയിൻ ജർമ്മനും മൈക്കൽ ചോപ്രയും നടത്തിയ ശ്രമങ്ങൾക്ക് അത്ലറ്റികോ ഡി താരങ്ങൾ തടയിട്ടു.
ഞാറാഴ്ച കൊച്ചിയിൽ ഡൽഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.